ആള്‍ക്കൂട്ട ആക്രമണംഅക്രമികള്‍ നിയമപരമായ പ്രത്യാഘാതം നേരിടേണ്ടി വരും

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയണമെന്ന് സുപ്രിംകോടതി. നിയമം കൈയിലെടുത്താല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കു നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കോടതി കര്‍ശനമായ നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം വിശദാംശങ്ങള്‍ നല്‍കണമെന്നാണ് ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി നടപ്പാക്കി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിനിരയായ 55 പേരുടെ പട്ടിക ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ കോടതിക്ക് കൈമാറി.
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവരില്‍, ഇതുവരെ സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കാത്തവരുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക തയ്യാറാക്കി നല്‍കാന്‍ ഈ വിവരം ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അഭിഭാഷകരെ അറിയിക്കാനും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള സുപ്രിംകോടതി വിധി നടപ്പാക്കിയതിന്റെ റിപോര്‍ട്ട് കേരള സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ സമിതികള്‍ക്ക് രൂപം നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് സുപ്രിംകോടതി ജൂലൈ 17ന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് വരെ ഇതു കര്‍ശനമായി നടപ്പാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ചില സംസ്ഥാനങ്ങള്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തിയതിലാണ് സുപ്രിംകോടതി സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയത്.

RELATED STORIES

Share it
Top