ആള്‍ക്കൂട്ടക്കൊല: ശിക്ഷാനിയമം ഭേദഗതി ചെയ്യാന്‍ ആലോചന

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യുന്നതിനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുന്നു. ആള്‍ക്കൂട്ടക്കൊല തടയുന്നതിന് സംസ്ഥാനങ്ങള്‍ക്കു സ്വീകരിക്കാന്‍ കഴിയുന്ന കരട് മാതൃകാ നിയമവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പുതിയ നിയമം സംബന്ധിച്ച ആലോചനകള്‍ പ്രാഥമികഘട്ടത്തിലാണെന്നും ആള്‍ക്കൂട്ടക്കൊല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
നിരപരാധിത്വം തെളിയിക്കേണ്ട ഭാരം പ്രതിയില്‍ നിക്ഷിപ്തമാക്കണമെങ്കില്‍ ക്രിമിനല്‍ നടപടിക്രമത്തിലെയും ഇന്ത്യന്‍ തെളിവുനിയമത്തിലെയും വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടിവരും. സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്നതിന് സമയമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന അഭ്യൂഹങ്ങള്‍ തടയുന്നത് ഉറപ്പുവരുത്താന്‍ സാമൂഹിക മാധ്യമവുമായി ബന്ധപ്പെട്ട ചട്ടക്കൂട് സര്‍ക്കാര്‍ കൂടുതല്‍ കരുത്തുറ്റതാക്കും. ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും രാജ്യത്തു വര്‍ധിച്ചുവരുകയാണ്.
കഴിഞ്ഞദിവസം പശുക്കടത്ത് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

RELATED STORIES

Share it
Top