ആള്‍ക്കൂട്ടക്കൊലയുടെ ഭീഷണി

രമേശന്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ്, അത്തരം കൊലകള്‍ തടയാനും അവയില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കാനുമായി ഉചിതമായ നിയമനിര്‍മാണം നടത്തണമെന്ന് കഴിഞ്ഞ ജൂലൈ 17നു സുപ്രിംകോടതി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ക്കുമെതിരേ നടക്കുന്ന കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ 'ആള്‍ക്കൂട്ട ആധിപത്യത്തിന്റെ ഭയങ്കര കൃത്യങ്ങളാണ്' എന്നു ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം കുറ്റകൃത്യങ്ങളെ ഒരു സവിശേഷ തരം പാതകങ്ങളായി കാണുന്ന നിയമനിര്‍മാണം വേണമെന്നാണ് ആവശ്യപ്പെട്ടത്.
ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍കറും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് നാല് ആഴ്ചയ്ക്കകം തങ്ങളുടെ വിധിയനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനും അതു പ്രകാരമുള്ള റിപോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കു വിധേയരായവര്‍ക്ക്, അവര്‍ ഏതു മതത്തിലോ ജാതിയിലോ പെട്ടവരെന്നു പരിഗണിക്കാതെ അവര്‍ക്കു നേരിടേണ്ടിവന്ന പരിക്കുകളുടെയോ കഷ്ടനഷ്ടങ്ങളുടെയോ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഗോരക്ഷാ സംഘങ്ങളുടെ പേരില്‍ അക്രമികള്‍ കൂട്ടായി നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിയ നിര്‍ദേശം പാലിക്കപ്പെടാതെപോയ സാഹചര്യത്തില്‍ ആക്ടിവിസ്റ്റായ തഹ്‌സീന്‍ പൂനെവാലയും സാമൂഹിക പ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധിയും നല്‍കിയ കോടതിയലക്ഷ്യ കേസുകളില്‍ വിധി പറയുമ്പോഴാണ് പുതിയ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകങ്ങളെയും അതിക്രമങ്ങളെയും തടയാനും നടന്ന അക്രമങ്ങള്‍ക്ക് പരിഹാരം കാണാനും അക്രമികള്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നാണ് കോടതി പറഞ്ഞത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ സുപ്രിംകോടതി നടത്തിയ വിമര്‍ശനങ്ങളും പുതിയ നിയമനിര്‍മാണത്തെ സംബന്ധിച്ച നിര്‍ദേശങ്ങളുമൊന്നും രാജ്യത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യത്തെ കാര്യമായൊന്നും മാറ്റാന്‍ പോകുന്നില്ലെന്നതിന്റെ തെളിവായിരുന്നു ആ കോടതിവിധി വന്ന അന്നും അതിനടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ ആള്‍ക്കൂട്ട അക്രമങ്ങള്‍. കോടതിവിധി വന്ന ജൂലൈ 17നു തന്നെയാണ് ജാര്‍ഖണ്ഡിലെ പാക്കൂരില്‍ 80കാരനായ സ്വാമി അഗ്നിവേശ് ബിജെപിക്കാരുടെയും എബിവിപിക്കാരുടെയും ആള്‍ക്കൂട്ട അതിക്രമത്തിനു വിധേയനാക്കപ്പെട്ടത്. രാജസ്ഥാനിലെ ആല്‍വാറിലെ ലാലവണ്ടി ഗ്രാമത്തില്‍ പശുക്കളെ കള്ളക്കടത്തു നടത്തിയെന്ന് ആരോപിച്ച് റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ജൂലൈ 21ാം തിയ്യതിയായിരുന്നു.
വാസ്തവത്തില്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് ഒരു ദൈനംദിന സംഭവമായി മാറുന്നത് അത്തരം കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യാനുള്ള നിയമങ്ങളുടെ അഭാവംകൊണ്ടല്ല എന്നതാണ് വാസ്തവം. നിലവിലുള്ള നിയമങ്ങള്‍ തന്നെ ഫലപ്രദമായി നടപ്പാക്കാനും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നിയമവ്യവസ്ഥയനുസരിച്ച് കൈകാര്യം ചെയ്യാനും വിസമ്മതിക്കുന്ന സര്‍ക്കാര്‍-ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ തന്നെയാണ് ഈ കുറ്റകൃത്യങ്ങള്‍ തുടരാന്‍ അനുവദിക്കുന്നത്. ആള്‍ക്കൂട്ടം നടത്തുന്നതാണെങ്കിലും കൊലപാതകമെന്ന കുറ്റകൃത്യത്തിനെതിരേ നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചാണ്. പശുക്കളെ കൊലപ്പെടുത്തുന്നുവെന്നും കള്ളക്കടത്ത് നടത്തുന്നുവെന്നും മോഷ്ടിക്കുന്നുവെന്നും ഗോമാംസം കൈവശം വയ്ക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നും മറ്റും ആരോപിച്ചുകൊണ്ട് നിരവധി പേരാണ് സമീപകാലത്ത് ആള്‍ക്കൂട്ടങ്ങളുടെ ആക്രമണങ്ങള്‍ക്കും കൊലപാതകത്തിനും ഇരയാക്കപ്പെട്ടത്.
ശിക്ഷിക്കപ്പെടുമെന്ന ഭയമേതുമില്ലാതെ അക്രമം നടത്താന്‍ സ്വന്തം പിന്തുണക്കാര്‍ക്ക് അവസരം നല്‍കുന്ന ഒരു അധികാര വ്യവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടും രാഷ്ട്രീയമായ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നതുകൊണ്ടുമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന അടിസ്ഥാന യാഥാര്‍ഥ്യം, നിയമനിര്‍മാണത്തിന് ആജ്ഞയോ അഭ്യര്‍ഥനയോ നല്‍കുന്ന കോടതി പരിഗണിച്ചിട്ടേയില്ല.
പൗരന്മാരുടെ സംരക്ഷണവും ബഹുസ്വരതയെ അംഗീകരിക്കുന്ന സാമൂഹിക ഘടനയും ഉറപ്പുവരുത്താന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായ നിയമം ആവശ്യമാണെന്നു പറയുമ്പോള്‍ കോടതി, രാജ്യത്തിന്റെ ബഹുസ്വരതയും പൗരന്മാരുടെ സുരക്ഷിതത്വവും അപകടത്തിലാണെന്നു പരോക്ഷമായി അംഗീകരിക്കുക തന്നെയാണ്. ആള്‍ക്കൂട്ടത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് ജാതി-മത പരിഗണനകള്‍ കൂടാതെ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി എടുത്തുപറയുമ്പോള്‍, ഇന്ന് അത്തരം വിഭാഗീയ പരിഗണനകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നിശ്ശബ്ദമായി അംഗീകരിക്കുക കൂടി ചെയ്യുകയാണ്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആള്‍ക്കൂട്ട ആധിപത്യത്തിന്റെ ഫലമാണെന്നു കോടതി പറയുന്നുണ്ടെങ്കിലും, അസംഘടിതമായ വെറുമൊരു ആള്‍ക്കൂട്ടം അബദ്ധത്തില്‍ ചെയ്തുപോകുന്ന കുറ്റകൃത്യം എന്നതിലപ്പുറം സംഘടിതമായി നടത്തപ്പെടുന്ന വിദ്വേഷ കൊലപാതകങ്ങള്‍ തന്നെയാണവ. ഇന്ത്യ സ്‌പെന്‍ഡ് എന്ന സംഘടന സമാഹരിച്ച കണക്കുകള്‍ പ്രകാരം പശുക്കളോ ഗോമാംസമോ ആയി ബന്ധപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ മരിച്ചവരില്‍ 86 ശതമാനവും മുസ്‌ലിംകളാണ്. 8 ശതമാനം പേര്‍ ദലിതരും.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം തല്ലിക്കൊന്നവരൊക്കെ അപരിചിതരോ മനോരോഗം ബാധിച്ചവരോ ആയിരുന്നുവെന്ന് എഴുത്തുകാരനും മുന്‍ ബ്യൂറോക്രാറ്റുമായ ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാലിവളര്‍ത്തുകാരോ കച്ചവടക്കാരോ ആയ മുസ്‌ലിംകളും ദലിതരും പശുവിന്റെ പേരില്‍ ആക്രമണം നേരിടേണ്ടിവരുന്നു. ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് മധ്യവയസ്‌കരായ സ്ത്രീകളെ തല്ലിക്കൊല്ലുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിക്കപ്പെട്ട് കുടിയേറ്റ തൊഴിലാളികളും ആള്‍ക്കൂട്ടത്തിന്റെ ഹിംസയ്ക്ക് ഇരയാവുന്നു.
മിക്കപ്പോഴും നിരായുധരായ മനുഷ്യരാണ് യാതൊരു പ്രകോപനവും കൂടാതെ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത്. ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഭരണകൂടത്തിന്റെ സംരക്ഷണങ്ങളൊന്നും ലഭ്യമല്ലാത്തവരുമായ ആളുകളാണ് ആ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതെന്നും ഒരുതരം ഭൂരിപക്ഷവാദം (മെജോറിറ്റേറിയനിസം) ഇതിനു പിറകില്‍ ഉണ്ടെന്നും കാണാവുന്നതാണ്.
2010നും 2017നും ഇടയ്ക്ക് ഇന്ത്യയില്‍ പശുവുമായി ബന്ധപ്പെട്ട് 63 ആക്രമണങ്ങള്‍ നടന്നുവെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. അതില്‍ മഹാഭൂരിപക്ഷവും 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് നടന്നത്. ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 28ല്‍ 24 പേരും മുസ്‌ലിംകളാണ്. പശുക്കളുടെ പേരില്‍ നടക്കുന്ന ഇത്തരം ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനായി ഓരോ ജില്ലയിലും ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് 2017 സപ്തംബറില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നതാണ്. ഈ നിര്‍ദേശം പാലിക്കാതിരുന്നതുവഴി സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയലക്ഷ്യക്കുറ്റം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ടാണ് തഹ്‌സീന്‍ പൂനെവാല കോടതിയില്‍ കേസ് കൊടുത്തത്.
2014നു ശേഷം രാജ്യത്തു നടന്ന ആള്‍ക്കൂട്ട കൊലക്കേസുകള്‍ പരിശോധിച്ചാല്‍ അവയില്‍ ഏറെയും ആസൂത്രിതമായിരുന്നുവെന്നും കൃത്യമായ രാഷ്ട്രീയ പിന്‍ബലത്തോടെ നടത്തപ്പെട്ടവയാണെന്നും കാണാം. ഇത്തരം പാതകങ്ങളെ തുറന്ന് എതിര്‍ക്കാനോ അപലപിക്കാനോ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അവരുടെ പ്രത്യയശാസ്ത്ര ദാതാക്കളോ തയ്യാറായിട്ടില്ല. നേരെമറിച്ച്, അവയെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിച്ചുകൊണ്ടാണ് അവര്‍ രംഗത്തുവരാറുള്ളത്. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും പോലും അക്രമികളെ അനുകൂലിക്കുകയും ഇരകളാണ് പ്രകോപനം ഉണ്ടാക്കിയ യഥാര്‍ഥ കുറ്റവാളികളെന്ന് ആരോപിക്കുകയും ചെയ്യാറാണ് പതിവ്. ി

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top