ആള്‍ക്കൂട്ടക്കൊലയുടെ നാട്

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും കൊലകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനോടും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടായ ചരിത്രപരമായ ഇടപെടലാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകളില്‍ മൂന്നും പരാജയപ്പെട്ടിടത്ത് ഭരണഘടനയും നിയമവാഴ്ചയും സുപ്രിംകോടതി സംരക്ഷിക്കേണ്ടിവരുന്ന സാഹചര്യം.
20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ അമേരിക്കയെ മാര്‍ക്ക് ടൈ്വന്‍ വിശേഷിപ്പിച്ചത് 'ആള്‍ക്കൂട്ടക്കൊലയുടെ ഐക്യനാടുകള്‍' എന്നായിരുന്നു. മാര്‍ക്ക് ടൈ്വന്‍ ലേഖനത്തിന്റെ തലക്കെട്ട് കടമെടുത്ത ചീഫ്ജസ്റ്റിസ് ദീപക് മിശ്ര 21ാം നൂറ്റാണ്ടിലെ ഇന്ത്യ 'ആള്‍ക്കൂട്ടക്കൊലയുടെ ഇന്ത്യ'യാണെന്നു പരോക്ഷമായി വിരല്‍ ചൂണ്ടി. 1901ല്‍ പിയേഴ്‌സ് സിറ്റി, വില്‍ ഗോഡ്‌ലെ, മിസ്സോറി തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെയാണ് മാര്‍ക്ക് ടൈ്വന്‍ പ്രസ്തുത തലക്കെട്ടിലുള്ള ലേഖനത്തില്‍ വിമര്‍ശിച്ചത്.
ആഫ്രോ-അമേരിക്കക്കാര്‍ അന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ നേരിട്ടിരുന്ന വേര്‍പിരിക്കലിലും കീഴ്‌പ്പെടുത്തലിലും ഭീകരമായ അവസ്ഥയാണ് മുസ്‌ലിംകളും ദലിതരും ഇന്ത്യയില്‍ നേരിടുന്നതെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് എഴുതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിരത്തിയ വസ്തുതകളാണ് വിധിയില്‍ മാര്‍ക്ക് ടൈ്വനെ ഉദ്ധരിക്കാന്‍ ഇടയാക്കിയതെന്നു തോന്നുന്നു. മുസ്‌ലിം-ദലിത് വിഭാഗങ്ങളെ ആള്‍ക്കൂട്ട അതിക്രമത്തിന് ഇരയാക്കുന്നത് ബഹുമതിയായി അക്രമികള്‍ കണക്കാക്കുകയാണ്. സ്വയംപ്രഖ്യാപിത ജാഗ്രതാ ഗ്രൂപ്പുകള്‍ നിയമം കൈയിലെടുക്കുകയാണ്. അരാജകത്വവും കലാപവും കുഴപ്പവും ഒടുവില്‍ ഒരു അക്രമസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പുമാണ് രാജ്യം നേരിടുക എന്നാണ് സുപ്രിംകോടതിവിധി മുന്നറിയിപ്പു നല്‍കുന്നത്.
1946ലെ ഭരണഘടനാ സഭയുടെയും അതിന്റെ നിര്‍മിതിയായ ഭരണഘടനയുടെയും അതിന്റെ അടിസ്ഥാനമായിരുന്ന നയപ്രഖ്യാപനത്തിന്റെയുമെല്ലാം അന്തസ്സത്ത സുപ്രിംകോടതി വിധിന്യായം മുന്നോട്ടുവയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവണ്മെന്റിനെയും അത് സെന്‍ഷ്വര്‍ ചെയ്യുന്നു; ഹിന്ദുത്വ വര്‍ഗീയതയുടെ സംരക്ഷകരായി മോദിഭരണത്തിന്റെയും ബിജെപി സംസ്ഥാന ഗവണ്മെന്റുകളുടെയും തണലില്‍ അന്വേഷണവും വിചാരണയും ശിക്ഷയും തെരുവില്‍ നിര്‍വഹിക്കുന്ന സംഘപരിവാര സംഘങ്ങളെയും. ചില ആശയങ്ങളുടെ സംരക്ഷകരായി സ്വയം ചമഞ്ഞ് നിയമം കൈയിലെടുത്ത് താണ്ഡവമാടുന്ന ക്രിമിനലുകളെന്ന് അക്കൂട്ടരെ വിശേഷിപ്പിക്കുന്നു.
ഈ കൊലയാളികളെ തടയാന്‍ മതിയായ നിയമനിര്‍മാണം നടത്തണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത് മോദി ഗവണ്മെന്റിനെതിരായ ഉന്നത നീതിപീഠത്തിന്റെ ചരിത്രപരമായ ഇടപെടലാണ്. ഉത്തരേന്ത്യയില്‍ ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനും ദലിത് വിഭാഗങ്ങള്‍ക്കുമെതിരേ തുടരുന്ന അക്രമങ്ങള്‍ക്കും കൊലകള്‍ക്കും അടിയന്തരമായി തടയിടണമെന്ന നിര്‍ദേശമാണ് അതില്‍. അസഹിഷ്ണുതയുടെയും മതധ്രുവീകരണത്തിന്റെയും രാഷ്ട്രീയമാണ് ആര്‍എസ്എസ് അജണ്ടയായി ബിജെപി പരിവാരം മോദിഭരണത്തില്‍ നടപ്പാക്കുന്നത്. ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവന്ന് രക്തസാക്ഷികളായ ബുദ്ധിജീവികളുടെയും ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ട്ടികളുടെയും വ്യക്തികളുടെയും നിലപാടുകളെ ഭരണഘടനാപരമായി അംഗീകരിക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത് അസഹിഷ്ണുതയുടെയും ധ്രുവീകരണത്തിന്റെയും വളര്‍ച്ചയാണെന്നും ഇതു നിയമവാഴ്ചയുടെ രീതിയല്ലെന്നും സുപ്രിംകോടതി പറഞ്ഞു. ഈ അവസ്ഥ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്നത് ആള്‍ക്കൂട്ട ഭ്രാന്ത് ഇളക്കുകയും വ്യാപകമാക്കുകയും ചെയ്യും. അതു തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
മോദിഭരണത്തിലെ ആള്‍ക്കൂട്ട അക്രമങ്ങളും കൊലയും മാത്രമല്ല സുപ്രിംകോടതിവിധി വിവക്ഷിക്കുന്നത്. തീര്‍ച്ചയായും ഗോ സംരക്ഷണ ദൗത്യം ഏറ്റെടുത്ത ആള്‍ക്കൂട്ടങ്ങള്‍ യുപിയിലെ ബിസാര ഗ്രാമത്തില്‍ മുഹമ്മദ് അഖ്‌ലാഖിനെയും ഹാപൂരിലെ പില്‍ഖുവയില്‍ മുഹമ്മദ് ഖാസിമിനെയും മറ്റും മതഭ്രാന്തിളകിയ ജനക്കൂട്ടം ആക്രമിച്ചു കൊന്നതിന്റെ നേതൃത്വം സംഘപരിവാരത്തിനാണെങ്കിലും. എന്നാല്‍ കേരളം, ജമ്മു-കശ്മീര്‍ തുടങ്ങി മിക്കവാറും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും വ്യാപകമാകുന്നുണ്ട്.
കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഉണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ആകത്തുകയില്‍ സംഘപരിവാരത്തിന്റെ സംഭാവന നിര്‍ണായകമാണെന്ന് ഇന്ദിര ജയ്‌സിങിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പശുജാഗ്രതക്കാര്‍ നടത്തിയ 63 ആക്രമണങ്ങളില്‍ 93 ശതമാനവും കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ മുസ്‌ലിം-ദലിത് വിഭാഗങ്ങള്‍ക്കു നേരെയാണെന്ന്.
ഈ വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ ആള്‍ക്കൂട്ടത്തിന്റെ കൊലപാതക ഭ്രാന്ത് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നു. 2012 ഫെബ്രുവരിയില്‍ കണ്ണൂരില്‍ കണ്ണപുരത്തു വച്ച് 24കാരനായ അരിയില്‍ ഷുക്കൂറിനെ ജനക്കൂട്ടം ഓടിച്ചിട്ട് പിടിച്ചതും ബന്ദിയാക്കി വെട്ടിക്കൊന്നതും വിസ്മരിക്കാനാവില്ല. കാട്ടില്‍ കഴിയുന്ന ആദിവാസി യുവാവിനെ അരി മോഷ്ടിച്ചെന്നു പറഞ്ഞ് ജനക്കൂട്ടം തല്ലിക്കൊന്നു. കോഴിയെ വാങ്ങി വരുന്ന ബംഗാളി യുവാവിനെ കൊല്ലം ജില്ലയില്‍ മലയാളി മാന്യന്മാര്‍ കള്ളനെന്നു പറഞ്ഞ് മര്‍ദിച്ച് കാലപുരിക്കയച്ചു.
കേരളത്തിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് രണ്ടു മുഖങ്ങളുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളുടെ നിര്‍ദേശത്തോടെ നടപ്പാക്കുന്നത്, ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളുടെ മാതൃകയില്‍ ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നത്. ആള്‍ക്കൂട്ട ഭ്രാന്ത് പ്രയോഗവല്‍ക്കരിക്കുന്നതില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുള്ള പങ്കാളിത്തം നിഷേധിക്കാവുന്നതല്ല. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെയും അതിന്റെ മറ്റു മുന്നണികളുടെയും പങ്ക് ഗൗരവമാകുന്നത് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവണ്മെന്റുകള്‍ നേരിട്ടും പരോക്ഷമായും ഈ ആള്‍ക്കൂട്ട ആക്രമണങ്ങളെയും കൊലകളെയും ന്യായീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുകൂടിയാണ്.
സുപ്രിംകോടതിവിധി പുറത്തുവന്ന ദിവസം തന്നെയാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെ പക്കൂര്‍ ജില്ലയില്‍ സ്വാമി അഗ്നിവേശിനെ യുവമോര്‍ച്ച-എബിവിപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. സ്വാമി വിവേകാനന്ദനെ അനുസ്മരിപ്പിക്കുംവിധം കാവിത്തലപ്പാവും കാഷായവസ്ത്രവുമായി സാമൂഹിക സേവനത്തിന്റെ സമസ്ത മേഖലകളിലും ഒറ്റയാള്‍ പട്ടാളമായി 78ാം വയസ്സിലും ഇടപെടുന്ന സ്വാമി അഗ്നിവേശിനെ.  അടിമവേലയ്‌ക്കെതിരായി അദ്ദേഹം നടത്തിപ്പോന്ന പോരാട്ടം ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. യുനൈറ്റഡ് നേഷന്‍സിന്റെ അടിമത്തവുമായി ബന്ധപ്പെട്ട വോളന്ററി ട്രസ്റ്റ് ഫണ്ടിന്റെ ചെയര്‍മാനാണ് അദ്ദേഹം. മാവോവാദികളെ സമാധാനത്തിന്റെ പാതയിലേക്കു കൊണ്ടുവരാന്‍ കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധിയായി ഇടപെട്ടത്, ഫലസ്തീനിലേക്കും കശ്മീരിലേക്കും സമാധാന മാര്‍ച്ച് നടത്തിയത് എന്നിവയൊന്നും ബിജെപി-സംഘപരിവാര ശക്തികള്‍ക്ക് ദഹിക്കാത്ത, സഹിക്കാത്ത കാര്യങ്ങളാണ്. പ്രത്യേകിച്ചും ആത്മീയത വ്യക്തിപരമല്ലെന്നും സാമൂഹികമാണെന്നുമുള്ള നിലപാട്.
കുറ്റകൃത്യങ്ങള്‍ക്ക് മതമില്ല. കുറ്റക്കാരെയും ഇരകളെയും മത-ജാതി-വര്‍ഗങ്ങളുടെ കണ്ണിലൂടെ കാണാനാവില്ലെന്ന് സുപ്രിംകോടതിവിധി അടിവരയിടുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കണ്ണിലൂടെയും എന്നും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. എതിരാളികള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലകളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എതിര്‍ക്കുകയും തങ്ങളുടെ അനുയായികള്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍.                                                   ി

RELATED STORIES

Share it
Top