ആള്‍ക്കൂട്ടക്കൊലകളില്‍ ബിജെപിക്ക് പങ്കെന്ന് യുഎന്‍ റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ആള്‍ക്കൂട്ടക്കൊലകളില്‍ ബിജെപിക്ക് പങ്കെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ റിപോര്‍ട്ട്. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ ഇത്തരം കൂട്ടക്കൊലകള്‍ക്ക് പ്രേരണയായെന്നും റിപോര്‍ട്ട് പറയുന്നു.
യുഎന്നിന്റെ വംശീയത, വര്‍ഗീയ-ജാതീയ വിവേചനം, പരദേശീ സ്പര്‍ധ തുടങ്ങിയവയുമായി ബന്ധപ്പെട്ട അസഹിഷ്ണുത സംബന്ധിച്ച് നിരീക്ഷിക്കുന്ന പ്രത്യേക പ്രതിനിധി ടെന്‍ഡായ് അച്ചിയൂമെയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിരീക്ഷണം വേണമെന്ന 2017ലെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.
മുസ്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്കെതിരായ അക്രമങ്ങളും ഹിന്ദു ദേശീയവാദി പാര്‍ട്ടിയായ ബിജെപിയുടെ വിജയവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു. അതോടൊപ്പം ബിജെപി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യാവകാശ തത്ത്വങ്ങള്‍ക്കും വിവേചനമില്ലായ്മ, തുല്യത എന്നിവയ്ക്കും ദേശീയവാദ പൊതുവുടമാ സിദ്ധാന്തം ഉയര്‍ത്തുന്ന വെല്ലുവിളി എന്നതാണ് റിപോര്‍ട്ടിലെ പരിഗണനാ വിഷയം. അതോടൊപ്പം അസമിലെ പൗരത്വ പ്രശ്‌നം സംബന്ധിച്ചും റിപോര്‍ട്ട് പരാമര്‍ശിക്കുന്നു. പൗരത്വ പട്ടികയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയവാദി പാര്‍ട്ടികള്‍ ഭരണതലത്തില്‍ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നത് പല രാജ്യങ്ങളിലും ഉണ്ടാവുന്നതാണെന്ന് ടെന്‍ഡായ് അച്ചിയൂമെ ചൂണ്ടിക്കാട്ടി.
ഇത്തരക്കാരെ അനധികൃത കുടിയേറ്റക്കാരെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് ചെയ്യുക. ഇന്ത്യയില്‍ ഇതുസംബന്ധിച്ചു നടക്കുന്ന കാര്യങ്ങളില്‍ ആശങ്കയറിയിച്ച് ഈ വര്‍ഷം മെയില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ചരിത്രപരമായി തന്നെ വിദേശികളെന്നു മുദ്രകുത്തപ്പെട്ട അസമിലെ ബംഗാളി മുസ്‌ലിംകളെക്കുറിച്ചുള്ള ആശങ്ക കത്തില്‍ മുഖ്യമായും ഉന്നയിച്ചിട്ടുണ്ട്. 1997 മുതല്‍ തന്നെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇവരെ സംശയകരമായ വോട്ടര്‍മാര്‍ എന്നു വിശേഷിപ്പിച്ചത് വസ്തുതകള്‍ക്കു നിരക്കാത്തതാണ്. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ അതിന്റെ തുടര്‍ച്ചയാണ്- ടെന്‍ഡായ് അച്ചിയൂമെ പറഞ്ഞു.
അതോടൊപ്പം പൗരത്വ പട്ടിക നവീകരിച്ച അസമിലെ ഉദ്യോഗസ്ഥരെക്കുറിച്ചും റിപോര്‍ട്ട് സംശയമുന്നയിച്ചിട്ടുണ്ട്. മുസ്‌ലിംകളോടും ബംഗാളികളോടും ശത്രുതാപരമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അതിനാല്‍ രജിസ്റ്ററില്‍ കള്ളക്കളി നടന്നിരിക്കാമെന്നും റിപോര്‍ട്ട് പറയുന്നു.

RELATED STORIES

Share it
Top