ആളൂരിനെതിരേ രോഷംപൂണ്ട് ജിഷയുടെ അമ്മ

കൊച്ചി: ജിഷ വധക്കേസില്‍ പ്രതിക്ക് ഇന്നലെ ശിക്ഷ വിധിക്കാത്തതിനെതിരേ കോടതിക്ക് വെളിയില്‍ മാതാവ് രാജേശ്വരിയുടെ രോഷപ്രകടനം.ശിക്ഷാവിധിയെ സംബന്ധിച്ച വാദത്തിനിടെ രണ്ട് മണിക്കൂര്‍ എടുത്താണ് പ്രതി അമീറുല്‍ ഇസ്‌ലാമിനുവേണ്ടി ഹാജരായ അഡ്വ. ബി എ ആളൂര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ആളൂരിന്റെ വാദം നീണ്ടതോടെ ശിക്ഷ വിധിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി മുറിക്ക് വെളിയിലെത്തി രാജേശ്വരി രോഷംപൂണ്ട്് സംസാരിച്ചത്. ഇന്ന് തന്റെ മകളെ കൊലപ്പെടുത്തിയവനെ ശിക്ഷിക്കുമെന്ന് അറിയിച്ചാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ആളൂര്‍ കൊലപാതകിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് രാജേശ്വരി കോടതിക്ക് വെളിയില്‍ രോഷാകുലയായത്. കോടതിയിലെത്തിയ പോലിസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും നന്നേ പണിപ്പെട്ടാണ് കോടതിക്ക് വെളിയിലേക്ക് രാജേശ്വരിയെ അനുനയിപ്പിച്ച് ഇറക്കിയത്. പുറത്തിറങ്ങിയപ്പോള്‍ വെളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ആളൂരിന് നേരെയും രാജേശ്വരി ആക്രോശിച്ച് പാഞ്ഞടുത്തു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് ഇവരെ കോടതി കോംപൗണ്ടില്‍നിന്ന് പുറത്തിറക്കിയത്.

RELATED STORIES

Share it
Top