ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുന്ന യുവാക്കള്‍ അറസ്റ്റില്‍

തിരുവല്ല: ആളില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാക്കള്‍ അറസ്റ്റില്‍. തുകലശ്ശേരി പൂമംഗലത്ത് ശരത്ത്(32). കുറ്റപ്പുഴ വാലു പറമ്പില്‍ സന്തോഷ് കുമാര്‍(38) എന്നിവരാണ് അറസ്റ്റിലായത്.  പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലും ആര്‍ താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല സിഐ രാജപ്പന്‍, എസ്‌ഐ ബി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ഷാഡോ പോലീസും, തിരുവല്ലാ പോലീസും ഉള്‍പ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പകല്‍ സമയങ്ങളില്‍ ഓട്ടോറിക്ഷയില്‍ ചുറ്റി കറങ്ങി ആളില്ലാത്ത വീടുകള്‍ കണ്ടെത്തി ഉറപ്പാക്കി രാത്രിയിലെത്തി മോഷണം നടത്തുകയാണ് പ്രതികളുടെ ശൈലി. അനുകൂല സാഹചര്യമായാല്‍ പകല്‍ സമയത്തും ഇവര്‍ മോഷണം നടത്തും. ശരത്ത് പല തവണ തിരുവല്ലാ പോലീസിന്റെ പിടിയിലായിട്ടുണ്ട്. 30 ഓളം മോഷണ കേസുകളില്‍ പ്രതിയുമാണ്. അടുത്തിടെയാണ് ജയിലില്‍ നിന്നും ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ജയിലില്‍ നിന്നും പുറത്ത് വന്ന ശേഷം സന്തോഷ് കുമാറിനെ ഒപ്പം കൂട്ടി മോഷണം നടത്തിവരികയായിരുന്നു. വീടിന്റെ മുന്‍വാതിലോ, പിന്‍ വാതിലോ തകര്‍ത്താണ് ഇവര്‍ വീടിനുള്ളില്‍ കയറുന്നത്. പണമോ, സ്വര്‍ണ്ണമോ, വില പിടിപ്പുള്ള മറ്റ് സാധനങ്ങളോ മോഷ്ടിക്കാനായില്ലെങ്കില്‍ ഗ്യാസ് സിലണ്ടര്‍, പിത്തള്ള പാത്രങ്ങള്‍, ഓട്ടുപാത്രങ്ങള്‍, എന്നിവ കൂടാതെ വീട്ടിലെ പൈപ്പ് ഫിറ്റിങ്‌സും മോഷ്ടിക്കും. വീടിനുള്ളില്‍ നാശനഷ്ടം വരുത്തുന്ന സ്വഭാവവും മോഷ്ടാക്കള്‍ക്കുണ്ട്.കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ചോളം വീടുകളിലും, തിരുവല്ല സ്‌റ്റേഷന്‍ പരിധിയില്‍ പത്തോളം വീടുകളിലും, കോട്ടയം ജില്ലയില്‍ തൃക്കുടിത്താനം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് വീടുകളിലും, ആലപ്പുഴ ജില്ലയില്‍ ഒട്ടേറെ വീടുകളിലും ഇവര്‍ മോഷണം നടത്തിയതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.അടുത്തിടെ സമാനമായ രീതിയില്‍ മോഷണം നടത്തിവന്ന രണ്ടു പേര്‍ തിരുവല്ലാ പോലീസിന്റെ പിടിയിലായതും പോലീസിന് ഈ പ്രതികളെ പിടികൂടാന്‍ സഹായകരമായി. തിരുവല്ല ഡിവൈഎസ്പി  ആര്‍ ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. എഎസ്‌ഐമാരായ അജിത് കുമാര്‍, രതീഷ്‌കുമാര്‍, സുരേന്ദ്രന്‍ പിള്ള, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് അംഗങ്ങളായ എഎസ്‌ഐ അജി ശമുവേല്‍, സിപിഒമാരായ നിശാന്ത്, ചന്ദ്രന്‍, അനീഷ് ടി എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡ് ചെയ്തു. അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top