ആളിയാര്‍ പറമ്പിക്കുളം ജലപ്രശ്‌നം: 17ന് ചിറ്റൂരില്‍ സമരസമിതിയുടെ ഹര്‍ത്താല്‍

ചിറ്റൂര്‍: പറമ്പിക്കുളത്തുനിന്നും ജലം ആളിയാറിലെത്തിച്ച് കരാര്‍ പ്രകാരമുള്ള വെള്ളം നല്‍ക്കുക വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡിന്റെ അധികാരം നിറവേറ്റുക എന്നി ആവശ്യങ്ങളുനയിച്ച് 17 ന് ചിറ്റൂര്‍ താലൂക്കിലും പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളിലും ആളിയാര്‍ പറമ്പിക്കുളം ജലസംരക്ഷണ സമരസമിതി ഹര്‍ത്താല്‍ ആചരിക്കും.
പിഎപി കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നല്‍കാതെ പറമ്പിക്കുളത്തു നിന്നും അനുമതിയിലാതെ തമിഴ്‌നാട് കോണ്ടൂര്‍ കനാല്‍ മാര്‍ഗം തിരുമൂര്‍ത്തി ഡാമിലേക്ക് കടത്തികൊണ്ടു പോവുന്ന നടപടിയില്‍ പ്രതിഷേധിച്ച് ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 17ന് ഹര്‍ത്താല്‍ ആചരിക്കുകയും തുടര്‍ നടപടിയെന്ന നിലയില്‍ അടുത്ത ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങളെ അതിര്‍ത്തിയില്‍ തടയാനും യോഗത്തില്‍ തീരുമാനമായി.
ചിറ്റൂരിലേയും ഭാരതപുഴയെ ആശ്രയിച്ചുള്ള 150 ഓളം കുടിവെള്ള പദ്ധതികളെ നിലനിര്‍ത്തുന്നതിനായി പറമ്പിക്കുളത്തിലെ കരുതല്‍ ശേഖരത്തിനു പുറമെയുള്ള വെള്ളം ആളിയാറിലെത്തിച്ച് കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നല്‍ക്കണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. ഇതു മാത്രമല്ല പറമ്പിക്കുളത്ത് നിന്നുള്ള വെള്ളം അനധികൃതമായി കോണ്ടൂര്‍ കനാല്‍ മാര്‍ഗം തിരുമൂര്‍ത്തിയിലേക്ക് ഒഴുക്കുന്നത് നിര്‍ബാധം തുടരുന്നുമുണ്ട്.
വെള്ളം കടത്തുന്നത് നിര്‍ത്തി ആളിയാറിലേക്ക്  തുറക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച് 17 ന് ചര്‍ച്ച നടത്താമെന്നാണ് തമിഴ്‌നാടിന്റെ നിലപാടും. ഇക്കാലയളവില്‍ പരമാവധി വെള്ളം തിരുമൂര്‍ത്തിയിലേക്ക് എത്തിക്കാനാണ് തമിഴ്‌നാടിന്റെ നീക്കവും. തിരുമൂര്‍ത്തി ഡാമിലേക്ക് തമിഴ്‌നാട് വെള്ളം ചേര്‍ത്തുന്നത് തടയിടുന്നതിനായി ഷട്ടര്‍ അടയ്ക്കുക്കുന്നതിനായി വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ അനുമതിക്കായി കത്ത് നല്‍കിയെങ്കിലും കര്‍ശന നടപടി സ്വീകരിക്കേണ്ടന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതും.
ഇത് ജില്ലയെ ആകമാനം കടുത്ത ജലക്ഷാമത്തിലേക്ക് നയിക്കുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. നിരന്തരം കരാര്‍ ലംഘനം നടത്തുന്ന തമിഴ്‌നാടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.  തുടര്‍ന്ന് ആളിയാര്‍ പറമ്പിക്കുളം ജലസംരക്ഷണ സമരസമിതി രൂപീകരിക്കുകയും ചെയ്തു.

RELATED STORIES

Share it
Top