ആളിയാര്‍ ജലപ്രശ്‌നം: കേരളത്തിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ തുടങ്ങി

ചിറ്റൂര്‍: ആളിയാറില്‍ നിന്ന് കേരളത്തിലേയ്ക്കു കൂടുതല്‍ വെള്ളം എത്തി തുടങ്ങി. സെക്കന്റില്‍ 250 ഘനയടിയെന്ന തോതിലാണ് അപ്പര്‍ ആളിയാറില്‍ നിന്നും ആളിയാര്‍ അണക്കെട്ടിലെത്തിച്ച് കേരളത്തിന് ജലം വിട്ടുനല്‍കുന്നത്. ഞായറാഴ്ച്ച രാത്രി മുതല്‍ മൂലത്തറയിലേയ്ക്ക് വെള്ളം എത്തിത്തുടങ്ങി. തിങ്കളാഴ്ച്ച രാവിലെ 203 ഘനയടിയാണ് മണക്കടവ് വിയറില്‍ രേഖപ്പെടുത്തിയ അളവ്. ഇത് പിന്നീട് വെകുന്നേരത്തോടെ 180 ഘനയടിയായി കുറഞ്ഞു. ഇതേ തോതില്‍ ഒരാഴ്ച്ച ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
പറമ്പിക്കുളത്തു നിന്നും വെള്ളം ആളിയാറിലേക്ക് എത്തിച്ച് ചിറ്റൂര്‍ പുഴയിലേക്ക് വിതരണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും. നിലവില്‍ ആളിയാറിലെ വെള്ളം കോണ്ടൂര്‍ കനാലിലൂടെ തീരുമൂര്‍ത്തിയിലെത്തിച്ച് സേലം വരെയുള്ള പ്രദേശങ്ങളിലേക്ക് കൊണ്ടുപോവുന്നുമുണ്ട്. കേരളത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലവില്‍ അപ്പര്‍ ആളിയാറില്‍ നിന്നാണ് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്നത്.
ഇനി വരുന്ന പത്തു ദിവസത്തില്‍ 180 ഘനയടിയെന്ന തോതിലും പിന്നീട് കുടിവെള്ളത്തിനായി 100 ഘനയടിയെന്ന തോതില്‍ നിലനിര്‍ത്താനുമാണ് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ആളിയാറില്‍ നിന്നും നിലവില്‍ വിട്ടുകിട്ടുന്ന വെള്ളം രൂക്ഷമായ ജലക്ഷാമം നേരിടുന്ന കിഴക്കന്‍ മേഖലയിലെ വലതുകരയിലെ തടയണകളിലേക്കാണ് ആദ്യഘട്ടത്തില്‍ നിറയ്ക്കുക. വലതുകര കനാലിലെ അങ്കരാത്ത് വരെയുള്ള  5 തടയണകള്‍ മുന്‍പ് നിറച്ചിരുന്നു.  ഇനിയും 11 തടയണകള്‍ കൂടി നിറയാനുണ്ട്.
ഇതേ രീതിയില്‍ ഒരാഴ്ച്ച വെള്ളം ലഭിച്ചാല്‍ ഭൂരിഭാഗം തടയണകളും നിറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. കരാര്‍ പ്രകാരം വേനല്‍ക്കാലത്ത് ചിറ്റൂര്‍ പുഴയിലേക്കും ഇടത് വലത് കര കനാലുകളിലേക്കും കുടിവെള്ളത്തിനാവശ്യമായ വെള്ളം പറമ്പിക്കുളത്തു നിന്ന ് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
മൂലത്തറ റെഗുലേറ്ററില്‍ നിന്ന് ഇന്ന് കാലത്തോടെ വെള്ളം ആര്‍ബിസിയിലേക്ക് ഇറക്കി തുടങ്ങും. ആര്‍ബിസി കനാലില്‍ നിന്ന് വെള്ളം അനധികൃതമായി ഊറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വണ്ണാമട നീലംകാച്ചിയില്‍ സ്വകാര്യ വ്യക്തി ആര്‍ബികനാലില്‍ നിന്ന് വ്യാപകമായി വെള്ളം സമീപത്തെ കൊക്കര്‍ണിയിലേക്ക് ചോര്‍ത്തിുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കനാലില്‍ നിന്നും വെള്ളം ചോര്‍ത്തുന്ന സൂയിസ്  അടയ്ക്കാനും ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

RELATED STORIES

Share it
Top