ആല്‍വാറില്‍ പശുവിന്റെ പേരിലുള്ള കൊല: പോലിസിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ജയ്പൂര്‍: ആല്‍വാറില്‍ കര്‍ഷകനെ പശുക്കടത്തിന്റെ പേരില്‍ ഹിന്ദുത്വഭീകരര്‍ കൊന്ന സംഭവത്തില്‍ പോലിസിന്റെ പങ്ക് അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. ഉന്നത പോലിസ് ഉദ്യോഗസ്ഥനു കീഴില്‍ നാലംഗസംഘത്തെ നിയോഗിച്ചതായി രാജസ്ഥാന്‍ ഡിജിപി ഒ പി ഗല്‍ഹോത്ര പറഞ്ഞു.
പോലിസ് മര്‍ദനത്തെ തുടര്‍ന്നാണ് റക്ബര്‍ഖാന്‍ മരിച്ചതെന്ന് അന്വേഷണത്തില്‍ തെളിയേണ്ടിയിരിക്കുന്നുവെന്നും കുറ്റക്കാരെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. സ്‌പെഷ്യല്‍ ഡിജിപി എന്‍ ആര്‍ കെ റെഡ്ഡി, അഡീഷനല്‍ ഡിജിപി പി കെ സിങ്, ഐജി പ്രിയദര്‍ശി, കൗ വിജിലന്‍സ് നോഡല്‍ ഓഫിസര്‍ മഹേന്ദ്രസിങ് ചൗധരി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
സംഭവത്തിലെ മൂന്നാംപ്രതി നരേഷ് സിങ് ഇന്നലെ പിടിയിലായിരുന്നു. റക്ബര്‍ഖാനെ പോലിസ് മര്‍ദിച്ചെന്നും ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നുമുള്ള ആരോപണങ്ങള്‍ അന്വേഷണപരിധിയില്‍ വരുമെന്ന് അന്വേഷണസംഘം പറഞ്ഞു.
പോലിസിന്റെ എഫ്‌ഐആര്‍ പ്രകാരം രാംഗ്രയിലെ വിഎച്ച്പി നേതാവും ഗോരക്ഷാ സെല്‍ കണ്‍വീനറുമായ നവല്‍ കിഷോര്‍ ശര്‍മയാണ് പശുക്കടത്ത് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ വിവരം രാത്രി 12.41ന് പോലിസില്‍ അറിയിച്ചത്. പോലിസ് സ്‌റ്റേഷന് ഒരുകിലോമീറ്റര്‍ മാത്രം അടുത്തുള്ള ആശുപത്രിയില്‍ രാവിലെ നാലു മണിയോടെ റക്ബര്‍ഖാന്റെ മൃതദേഹം എത്തിച്ചെന്ന് എന്‍ട്രി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും എഫ്‌ഐആറിലുണ്ട്. പോലിസിന്റെ നടപടിയെ ചോദ്യംചെയ്ത് രംഗത്തുവന്ന രാംഗ്ര എംഎല്‍എ ഗ്യാന്‍ദേവ് അഹുജ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവുമെന്ന് റേഞ്ച് ഐജി ഹേമന്ദ് പ്രിയദര്‍ശി അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട റക്ബര്‍ഖാനെതിേര മൃഗങ്ങള്‍ക്കെതിരേ ക്രൂരത കാണിച്ചതിന്റെ പേരിലും അറവിന് മൃഗങ്ങളെ കൊണ്ടുപോയതിന്റെ പേരിലും നേരത്തേ കേസുകള്‍ എടുത്തിട്ടുണ്ടെന്ന വാദവുമായി നൗഗന്‍വ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ മോഹന്‍സിങ് രംഗത്തുവന്നു.

RELATED STORIES

Share it
Top