ആലുവ റൂറല്‍ എസ്പി ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് ഇന്ന്

കൊച്ചി: ആലുവ റൂറല്‍ എസ്പി ഓഫിസിലേക്ക് എസ്ഡിപിഐ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. കശ്മീരിലെ കഠ്‌വയില്‍ ബാലികയെ സംഘ പരിവാര ഭീകരര്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് കേരളത്തിലെ മുഴുവന്‍ ജില്ലാ പോലിസ് സൂപ്രണ്ട് ഓഫിസുകളിലേക്കും എസ്ഡിപിഐ മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധ മാര്‍ച്ച് രാവിലെ പത്തിന് ആലുവ പമ്പ് കവലയില്‍ നിന്ന് ആരംഭിക്കും. ആലുവ എസ്പി ഓഫിസ് മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് ജില്ലാ, ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ സംസാരിക്കും.
കഠ്‌വ സംഭവത്തിന്റെ പേരില്‍ രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളില്‍ എസ്ഡിപിഐയും ഭാഗഭാക്കായിരുന്നു. എന്നാല്‍, ആര്‍എസ്എസ്സിനെതിരേ ഉയര്‍ന്ന് വന്ന പൊതുവികാരത്തെ സിപി എമ്മും പോലിസും അടിച്ചമര്‍ത്തുകയാണ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെ സംഘപരിവാരത്തിനെതിരേ ഉയര്‍ന്ന വികാരത്തെ വഴിതിരിച്ചു വിടാനാണ് പോലിസിന്റെ പരിശ്രമം.
സോഷ്യല്‍ മീഡിയ വഴി നടന്ന ഹര്‍ത്താലിന്റെ പിതൃത്വം എസ്ഡിപിഐയുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അതിന്റെ ഭാഗമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടന്നു എന്ന പേരില്‍ സംസ്ഥാനത്താകെ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സംഘപരിവാരത്തിനെതിരേ പ്രതിഷേധിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന കേരള പോലിസ് നിലപാടിനെ വകവയ്ക്കില്ല എന്നും ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് അറിയിച്ചു.

RELATED STORIES

Share it
Top