ആലുവ പരമാധികാര റിപബ്ലിക്കല്ല; പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ പോലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തെ ചൊല്ലി സഭയില്‍ ബഹളം. എടത്തല സംഭവത്തെ വഴിതിരിച്ചുവിട്ട് പോലിസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചവരില്‍ തീവ്രവാദ സ്വഭാവമുള്ളവരും പങ്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷത്തിരുന്ന് ബഹളം വയ്ക്കുന്നവര്‍ തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ പരമാധികാര റിപബ്ലിക്കല്ല, പ്രതിഷേധത്തിനു പിന്നില്‍ തീവ്രവാദികള്‍ തുടങ്ങിയ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്കു മുമ്പില്‍ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. ആലുവക്കാര്‍ തീവ്രവാദികളാണെന്ന ആക്ഷേപം പിന്‍വലിക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു.
ആരാണ് ആദ്യം കൈവച്ചതെന്ന് എംഎല്‍എക്കു തന്നെ നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാറോടിച്ച പോലിസ് ഡ്രൈവറെ ഉസ്മാന്‍ മര്‍ദിച്ചതോടെയാണ് മറ്റുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. എന്നാല്‍, യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചു. അത് ശരിയായ നടപടിയായിരുന്നില്ല. പോലിസ് നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന്റെ മറപിടിച്ച് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ രണ്ടുതവണ പ്രതിഷേധ മാര്‍ച്ച് നടത്തുന്ന സാഹചര്യമുണ്ടായി. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളടക്കം പ്രതിഷേധിക്കാനെത്തിയിരുന്നു. തീവ്രവാദസ്വഭാവമുള്ളവര്‍ക്ക് കൈകാര്യം ചെയ്യാനുള്ളതല്ല പോലിസ്. തീവ്രസ്വഭാവമുള്ള സംഘടനകളുടെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കും. കുറ്റക്കാരായ പോലിസുകാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍, വണ്ടിയിടിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ചയാളെ പോലിസ് ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് ആക്രമിച്ചതെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച അന്‍വര്‍ സാദത്ത് എംഎല്‍എ ആരോപിച്ചു. മഫ്തിയിലുള്ള പോലിസുകാരാണ് തന്റെ ബൈക്കില്‍ ഇടിച്ചതെന്ന് അറിയാതെയാണ് ഉസ്മാന്‍ അവരെ ചോദ്യം ചെയ്തത്. . മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്‌പോരും നടന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.

RELATED STORIES

Share it
Top