ആലുവ ജനസേവാ ശിശുഭവന്‍: കുട്ടികള്‍ ലൈംഗിക-ശാരീരിക പീഡനത്തിന് ഇരയായതായി സര്‍ക്കാര്‍

കൊച്ചി: ആലുവ ജനസേവാ ശിശുഭവനത്തില്‍ കുട്ടികള്‍ ലൈംഗിക-ശാരീരിക പീഡനത്തിന് ഇരയായതായി പരാതിയുണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചെങ്ങമനാട്, കുറ്റിപ്പുറം, അയിരൂര്‍, തങ്കമണി തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും (പോക്‌സോ) ബാലനീതി (കരുതലും സംരക്ഷണവും) നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസുകളില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമൂഹികക്ഷേമ, വനിതാ, ശിശു വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. ജനസേവാ ശിശുഭവനം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഭാരവാഹികള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
60 ആണ്‍കുട്ടികളും 44 പെ ണ്‍കുട്ടികളും അടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 104 പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവരില്‍ പലര്‍ക്കും സ്വന്തം നാട്ടില്‍ രക്ഷിതാക്കളുണ്ട്. അതിനാല്‍ ജനസേവ ശിശുഭവനം ഇത്തരം കുട്ടികളെ പിടിച്ചുവച്ചിരിക്കുന്നത് നിയമവിരുദ്ധമാണ്. ഇതില്‍ 50 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം അവരെ നിയമവിരുദ്ധമായി തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണ്. സ്ഥാപനത്തിന് ബാലനീതി നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇല്ല. അവരുടെ നിയന്ത്രണത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്നു കണ്ടെത്തിയതിനാലാണ് സ്ഥാപനത്തിന്റെ നിയന്ത്രണം സര്‍ക്കാര്‍ ജില്ലാ കലക്ടറെ ഏല്‍പ്പിച്ചത്. കുട്ടികളെ പുനരധിവസിപ്പിക്കുന്നത് വരെ മൂന്നു മാസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. സ്ഥാപനത്തിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ജനസേവാ ശിശുഭവനത്തിലേക്ക് കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്നും സത്യവാങ്മൂലം പറയുന്നു. സമഗ്രമായ അന്വേഷണം ആവശ്യമാണ്. നാട്ടില്‍ സ്വന്തമായി വിലാസമുള്ള കുട്ടികള്‍ക്കു പോലും ജോസ് മാവേലിയുടെ പേരില്‍ ആധാര്‍ എടുത്തു. നേരത്തെ മുക്കം മുസ്‌ലിം ഓര്‍ഫനേജിലേക്ക് 455 കുട്ടികളെ ഇതരസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനത്തില്‍ കുട്ടികള്‍ ലൈംഗികപീഡനത്തിനും കൊടിയ മര്‍ദനത്തിനും ഇരയായെന്നും വ്യക്തമാക്കുന്ന മൊഴികളും സമര്‍പ്പിച്ചിട്ടുണ്ട്. പീഡിപ്പിച്ചവരുടെ പേരുവിവരങ്ങളും മൊഴികളിലുണ്ട്. അതേസമയം ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഇന്നലെ കേസ് പരിഗണനയ്ക്ക് വന്നയുടന്‍ അഭിഭാഷകന്‍ വാദിച്ചു. വാദങ്ങള്‍ കേട്ട കോടതി ഹരജി തള്ളുകയാണെന്നും വേണമെങ്കില്‍ പുതിയ ഹരജി സമര്‍പ്പിക്കാമെന്നും വ്യക്തമാക്കി.

RELATED STORIES

Share it
Top