ആലി മുസ്‌ല്യാരുടെ ചരിത്രവഴിയിലൂടെ പൈതൃക സംഘം കോയമ്പത്തൂരില്‍

മഞ്ചേരി: സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വീരതാരകമായ ആലിമുസ്‌ല്യാരുടെ വിസ്മൃതമാവുന്ന ചരിത്ര വസ്തുതകളുടെ സംരക്ഷണം ലക്ഷ്യമിട്ട നെല്ലികുത്ത് ഹെറിറ്റേജ് സംഘം സ്മൃതിയാത്രയും ചരിത്ര സമ്മേളനവും സംഘടിപ്പിച്ചു.
കോയമ്പത്തൂരിലെ ടിപ്പുസുല്‍ത്താന്‍ മസ്ജിദ് ഖബര്‍ സ്ഥാനിലെ ആലി മുസ്‌ല്യാരുടെ ഖബറിടത്തിലേയ്ക്കും എന്‍എച്ച് സ്ട്രീറ്റിലെ സ്മാരക മന്ദിരത്തിലേക്കുമായിരുന്നു സമൃതിയാത്ര. ആലി മുസ്‌ല്യാരുടെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും കുടുംബാഗങ്ങള്‍, നെല്ലികുത്തിലെ സാംസ്‌കാരിക സംഘടനയായ കെയര്‍ പ്രവര്‍ത്തകര്‍, ചരിത്ര വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍ എന്നിവരടങ്ങിയ സംഘമാണ് യാത്രയിലുണ്ടായിരുന്നത്. ആലിമുസ്‌ല്യാരുടെ പാവന സ്മരണകള്‍ നിലനില്‍ക്കുന്ന മന്ദിരം ഭരണപരമായ തര്‍ക്കങ്ങളുടെ പേരില്‍ ഇപ്പോള്‍ പൂട്ടികിടക്കുകയാണ്. 1950ല്‍ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ തറക്കല്ലിടുകയും 1958ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹുമയൂണ്‍ കബീര്‍ ഉദ്ഘാടനവും ചെയ്ത മന്ദിരം തുറന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് സംഘം അധികൃതരോടു സംസാരിച്ചു. മഞ്ചേരി നെല്ലിക്കുത്ത് ആലി മുസ്‌ല്യാര്‍ സ്മാരക മന്ദിര പരിസരത്തു നിന്നാണ് യാത്ര ആരംഭിച്ചത്. നെല്ലിക്കുത്തിന്റെ പൈതൃകം  സംരക്ഷിക്കുക, ചരിത്ര വസ്തുതകള്‍ പുതു തലമുറക്ക് പകര്‍ന്നു നല്‍കുക തുടങ്ങിയവയായിരുന്നു യാത്രയുടെ ലക്ഷ്യം. കൊയമ്പത്തൂര്‍ ഖാഇദേമില്ലത്ത് അക്കാദമിയില്‍ ചരിത്ര സമ്മേളനവും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് കൊയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. അകാദമി പ്രസിഡന്റ് എം എ റഷീദ്, കുഞ്ഞുട്ടി കരക്കാടന്‍, പി കുഞ്ഞിപ്പ, ഡോ. മുജീബുര്‍റഹ്മാന്‍, പി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, പി ടി അബ്ദുല്‍ ലത്തീഫ്, സി പി അനസ്, ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ജലീല്‍ സംസാരിച്ചു.

RELATED STORIES

Share it
Top