ആലിപ്പറമ്പ് പഞ്ചായത്തില്‍ ഭരണസ്തംഭനം

പെരിന്തല്‍മണ്ണ: ജീവനക്കാരല്ലാത്തതിനാല്‍ ആലിപ്പറമ്പില്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനം. സെക്രട്ടറിയടക്കം മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന ആഞ്ച് സുപ്രധാന തസ്തികകളില്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ചെമ്മലയെ ഉപരോധിച്ചു. ഒരു മാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഡിപിക്കും ഡയറക്ടറേറ്റിലും പഞ്ചായത്ത് നിവേദനം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഉപരോധം. സെക്രട്ടറിക്ക് പുറമെ ഹെഡ് ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, രണ്ട് സീനിയര്‍ ക്ലാര്‍ക്കുമാര്‍ എന്നിവരുടെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള ഒരു സീനയര്‍ ക്ലാര്‍ക്ക് ആവധിയില്‍ പ്രവേശിക്കുകയും ചെയ്തു. പഞ്ചായത്തില്‍നിന്നു ജനങ്ങള്‍ക്ക് ലഭിക്കേണ്ട ദൈനംദിന സേവനങ്ങളാണ് ജീവക്കാരില്ലാത്തതിനാല്‍ നീണ്ടുപോവുന്നത്. 2018-19 വാര്‍ഷിക പദ്ധതികള്‍ പാതിവഴിയിലാണ്. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഡിസംബറിനകം തയ്യാറാക്കി നല്‍കേണ്ടതുണ്ട്. ജീവക്കാരെത്തിയില്ലെങ്കില്‍ 2019-20 വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കാനാവില്ല. പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥനായുള്ള നിരവധി പദ്ധതികളില്‍ പലതും തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. പ്രളയ ബാധിത പഞ്ചായത്തായതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ കുറവ് ബാധിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് രണ്ടോടെയാണ് അവസാനിപ്പിച്ചത്. ഡയറക്ടറുമായി ഡിഡിപി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എം വി സിനി, വൈസ് പ്രസിഡന്റ് നെടുമ്പട്ടി മോഹനന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ സി റുക്‌സാന, ഫൈസല്‍ ചെരക്കാട്ടില്‍, ആയിശ മേക്കോട്ടില്‍, അംഗങ്ങളായ ഖാദര്‍, എം പി മജീദ്, പി ടി ലക്ഷമി, ഹസീന, കെ ഷീജമോള്‍ എന്നിവരാണ് ഉപരോധിച്ചത്.

RELATED STORIES

Share it
Top