ആലപ്പുഴ ബൈപാസ് :കരാറുകാരനും സര്‍ക്കാരും വീണ്ടും കൊമ്പുകോര്‍ക്കുന്നു; ഇനി സമയം നീട്ടിനല്‍കില്ലെന്ന് മന്ത്രി

ആലപ്പുഴ: ബൈപാസിനെ ചൊല്ലി കരാറുകാരനും സര്‍ക്കാരും വീണ്ടും കൊമ്പു കോര്‍ക്കുന്നു. കഴിഞ്ഞ സപ്തംബറില്‍ പണിതീര്‍ത്ത് നാടിന് സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബൈപാസിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ബൈപാസിന്റെ നിര്‍മാണം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നുണ്ടെങ്കിലും ഇതിന്റെ സ ര്‍വീസ് റോഡുകളെ സംബന്ധിച്ച് അനശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന മെയ് 28ന് ആലപ്പുഴ ബൈപാസ് കമ്മീഷന്‍ ചെയ്യാനാവും വിധം നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതു സംബന്ധിച്ച റിപോര്‍ട്ട് പ്രതിദിനം നല്‍കണമെന്ന് ദേശീയ പാത ചീഫ് എന്‍ജിനീയര്‍ പി ജി സുരേഷ്‌കുമാറിന് അദ്ദേഹം നിര്‍ദ്ദേശവും നല്‍കിയിരുന്നു. എങ്കിലും പണി മന്ദഗതിയില്‍ തന്നെ തുടരുകയായിരുന്നു. അതിനുമുന്‍പും മൂന്നു തവണ പണി പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കിയിരുന്നു. ഏറ്റവും ഒടുവിലായി സപ്തംബര്‍ വരെ കരാറുകാരന്‍ സമയം നീട്ടി ചോദിച്ചിരിക്കുകയാണ്.എന്നാല്‍ ഇന്നലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിര്‍മ്മിച്ച ഒന്നാം നിലയുടെയും അടുക്കള സമുച്ചയത്തിന്റെയും  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച മന്ത്രി സുധാകരന്‍  ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണത്തിന് ആഗസ്ത് 31 വരെ കരാറുകാരന് സമയം നീട്ടി നല്‍കിയിട്ടുണ്ടെന്നും ഇനി ഒരു ദിവസംപോലും നീട്ടാനാകില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.
സപ്തംബര്‍ വരെ കാലാവധി നീട്ടണമെന്ന് ആവശ്യം അനുവദിക്കാനാവില്ലെന്നും പണി കൃത്യമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിര്‍മാണ കമ്പനിയെ കേരളത്തില്‍ കാല്‍ കുത്താന്‍ അനുവദിക്കില്ലെന്നും കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും  മന്ത്രി പറഞ്ഞു. സര്‍വീസ് റോഡുകള്‍ ഇരുവശത്തും നിര്‍മിക്കേണ്ടത് ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇവിടെ ഇരുവശവും സര്‍വീസ് റോഡ് നിര്‍മാണത്തിന് തുക വകയിരുത്തിയിട്ടില്ല. അതേസമയം ഇരുവശത്തുമുള്ളവര്‍ക്ക് സര്‍വീസ് റോഡ് അത്യാവശ്യവുമാണ്.
സംസ്ഥാന  സര്‍ക്കാര്‍ പണം ചെലവഴിച്ചായാലും ഇരുഭാഗത്തും സര്‍വീസ് റോഡ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേയുടെ കെടുകാര്യസ്ഥതമൂലം 15 മാസമാണ് ബൈപാസ് നിര്‍മാണം വൈകിയതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് നാലു പതിറ്റാണ്ടായിട്ടും ബൈപാസ് യാത്ര  ഇന്നും ആലപ്പുഴക്കാര്‍ക്ക് സ്വപ്‌നമായി അവശേഷിക്കുകയാണ്. അതേസമയം ഇന്നലെ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ  നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബൈപാസ് നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനുശേഷമാണ് കലക്ടര്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
കുതിരപ്പന്തി, മാളികമുക്ക് എന്നിവിടങ്ങളിലെ റെയില്‍വേ മേല്‍പ്പാലങ്ങളുടെ സ്ഥിതിയും കലക്ടര്‍ പരിശോധിച്ചു. ഇവിടങ്ങളിലെ ഗ്രിഡുകള്‍ക്കുള്ള സ്റ്റീല്‍ ഓര്‍ഡര്‍ നല്‍കിയതായും വേഗത്തില്‍ എത്തുമെന്നും കരാറുകാരുടെ പ്രതിനിധി കലക്ടറെ അറിയിച്ചു. ആഗസ്തിനു മുമ്പ് പണി പൂര്‍ത്തിയാക്കത്തക്ക വിധം കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top