ആലപ്പുഴ നഗരത്തിലെ കനാല്‍ നവീകരിക്കുന്നതിന് ഡച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായംആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാല്‍ നവീകരിക്കുന്നതിന് ഡച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. കനാലുകള്‍ നവീകരിച്ച് പുനരുദ്ധരിക്കുന്നതിനാണ് സഹായം നല്‍കുന്നത്. ഇതിന് മുന്നോടിയായി ഡച്ച് വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തി. നഗരത്തിലെ കനാലുകള്‍, വിവിധ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. നെതര്‍ലാന്‍ഡ് വിദേശകാര്യ മന്ത്രി ബെര്‍ട്ട് കേന്‍ഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയിലെത്തിയത്. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് സംഘത്തോടൊപ്പമുണ്ടായിരുന്നു. ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കുന്ന പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഡച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡച്ചിലെ കനാലുകളോട് ഏറെ സാമ്യതയുള്ളതാണ് ആലപ്പുഴയിലെ കനാലുകള്‍. അതുകൊണ്ടാണ് അവരോട് ഈ രംഗത്തെ പ്രവീണ്യം തേടിയത്. നിലവില്‍ സംസ്ഥാനം തയ്യാറാക്കിയ പദ്ധതിയില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. അതിന്റെ ഭാഗമായാണ് സംഘം സന്ദര്‍ശിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസവും ഡച്ച് സംഘം ആലപ്പുഴ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. അടുത്ത സംഘം എത്തുന്നതോടെ പദ്ധതിക്ക് അന്തിമ രൂപമാവും. 2018 മെയില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സാമ്പത്തിക സഹായത്തോടെ ആലപ്പുഴയിലെ ടൂറിസം രംഗത്തും ഡച്ച് മാതൃക നടപ്പാക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

RELATED STORIES

Share it
Top