ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നുആലപ്പുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ നിവാസികളുടെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാവുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കംകുറിച്ച ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു. ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭയിലെയും സമീപത്തെ ആറുപഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2007 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി പത്തു വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതിനിടയില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭരണ-പ്രതിപക്ഷ കക്ഷികളുടെ വാക്ക് പോരിലും പദ്ധതി ഇടംനേടി. പത്തനംതിട്ടയിലെ പമ്പയാറില്‍ നിന്നു വെള്ളം പമ്പുചെയ്തു നീരേറ്റുപുറം ശുദ്ധജല പ്ലാന്റിലെത്തിച്ചു അതുവഴി ആലപ്പുഴ നഗരത്തിലെത്തിക്കുന്നതാണ് പദ്ധതി. 2015 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണകക്ഷിനേതാക്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി പിന്നെയും നീണ്ടു. പമ്പയില്‍ കിട്ടുന്ന നല്ല വെള്ളം നഗരവാസികള്‍ക്ക് എത്തിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നഗരസഭ ഭരണനേതൃത്വം. പമ്പയില്‍ വെള്ളത്തിന്റെ ബുദ്ധിമുട്ടുണ്ടായാല്‍ തടയണ ഇട്ടുവരെ വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് ഉറപ്പു നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് വ്യക്തമാക്കി. നിലവില്‍ നഗരവാസികള്‍ കുടിവെള്ളത്തിനായി ആര്‍ഒ പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. കുട്ടനാട്ടില്‍ നിന്നുവരെ ജനങ്ങള്‍ വെള്ളം ശേഖരിച്ചു മടങ്ങുന്ന നിത്യകാഴ്ചയാണ്. ആര്‍ഒ പ്ലാന്റുകള്‍ക്കു മുമ്പില്‍ നീണ്ടനിരയും പതിവാണ്. പതിവായി പണിമുടക്കുന്ന ആര്‍ഒ പ്ലാന്റുകള്‍ കാരണം ജനങ്ങള്‍ക്ക് നിരാശയായി മടങ്ങേണ്ടിവരുന്നു. കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ നഗരസഭ സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകള്‍ മുഴുവനായും നിര്‍ത്തലാക്കാനുള്ള നീക്കത്തിലാണ് നഗരസഭാ നേതൃത്വം. പക്ഷെ ഈ നടപടി ജനങ്ങളുടെ പ്രതിഷേധത്തെ വിളിച്ചുവരുത്തും. നിലവില്‍ കുടിവെള്ളം കിട്ടാക്കനിയായ നഗരത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത് ഇത്തരം ടാപ്പുകളാണ്.

RELATED STORIES

Share it
Top