ആലപ്പുഴയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങിആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആലപ്പുഴ നഗരത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപത്തെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും മറ്റും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.അതേസമയം രാഷ്ട്രീയപ്പാര്‍ട്ടികളും കൊടികളും ആരാധനാലയങ്ങളുടെ ബോര്‍ഡുകളും നീക്കം ചെയ്തില്ല. അതേസമയം മൂന്നു ദിവസത്തിനകം കൈയേറ്റം ഒഴിയണമെന്ന് കാണിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കടക്കം പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് ബോര്‍ഡുകളും മറ്റും നീക്കം ചെയ്തത്. റോഡരികിലെ അനധികൃത കടകളും മറ്റും ഒഴിയണമെന്ന് കാണിച്ച് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ വരും ദിവസങ്ങളിലും നടപടിയുമായി മുന്നോട്ടുപോവുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം നഗരത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നവീകരണ പദ്ധതിയും അമൃത് പദ്ധതിയും നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഒഴിപ്പിക്കലെന്നും സൂചനയുണ്ട്.  ഭൂമിയേറ്റെടുക്കാതെ ഇപ്പോഴുള്ള സ്ഥല സൗകര്യം പരമാവധി ഉപയോഗിച്ചുള്ള നവീകരണമാണ് പ്രധാനമായും നടപ്പാക്കുന്നത്. നഗരത്തിലെ 21 റോഡുകള്‍ നവീകരിക്കുന്നതിനു 272 കോടി രൂപയാണു റോഡ് ഫണ്ട് ബോര്‍ഡ് വിനിയോഗിക്കുക. ഒപ്പം നഗരസഭയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതിയില്‍പ്പെടുത്തി 6.80 കോടിയുടെ സൗന്ദര്യവല്‍ക്കരണ പരിപാടികളും നടത്തും. നഗരവുമായി ബന്ധപ്പെട്ട 21 റോഡുകള്‍ റോഡ് ഫണ്ട് ബോര്‍ഡ് തിരഞ്ഞെടുത്തതില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുള്‍പ്പെടെയുണ്ട്. 46.77 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള നഗരത്തില്‍ 50 കിലോമീറ്ററോളം നിരത്തുകള്‍ ഏക പദ്ധതിയില്‍ നവീകരിക്കാന്‍ നടപടി ഉണ്ടാകുന്നത്.15 വര്‍ഷത്തെ അറ്റകുറ്റപ്പണിയും സംരക്ഷണവും ബോര്‍ഡിന്റെ ചുമതലയില്‍ നടത്തുന്നതും സാമ്പത്തികമായി നഗരസഭയ്ക്കു നേട്ടമുണ്ടാക്കും. ടൂറിസം കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാകും നിരത്തുകള്‍ നവീകരിക്കുക.

RELATED STORIES

Share it
Top