ആലത്തൂര്‍ ദേശീയ മൈതാനിയില്‍ മരം മുറിച്ചതിനെതിരേ പ്രതിഷേധം

ആലത്തൂര്‍: ദേശീയ മൈതാനത്തെ പക്ഷിസങ്കേതമായ ആല്‍മരങ്ങളെ നശിപ്പിക്കുന്ന വിധം നിര്‍മാണ പ്രവൃത്തികള്‍ നടത്താനുള്ള എംഎല്‍എയുടെ നീക്കം പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കുന്നു. മൈതാനത്തെ പക്ഷിസങ്കേതമായ ആല്‍മരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ ബാനര്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. മൈതാനത്ത് 20 ലക്ഷം രൂപ ചെലവില്‍ ഓപണ്‍ എയര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതിനായി നീക്കമുണ്ട്. ഇതിന് മരത്തിന്റെ ഒരു ഭാഗവും മുറിക്കില്ലെന്ന് എംഎല്‍എ ഉറപ്പും നല്‍കിയതാണ്. അത് ലംഘിച്ചുകൊണ്ടാണ് ആയിരകണക്കിന് പക്ഷികളുടെ കേന്ദ്രമായ ആല്‍മരങ്ങളുടെ വലിയ കൊമ്പുകള്‍ വെട്ടിമാറ്റിയത്.  റവന്യൂ പുറമ്പോക്കാണ് ദേശീയ മൈതാനം. അവിടത്തെ ആല്‍മരങ്ങളുടെ തണലില്‍ പകല്‍ വാഹനങ്ങള്‍ നിര്‍ത്തുകയും, ആളുകള്‍വിശ്രമിക്കുകയും ചെയ്യാറുണ്ട്. ആലത്തൂര്‍ താലൂക്കാശുപത്രിയിലേക്കുള്ള റോഡും മൈതാനത്തിന്റെ വശത്തു കൂടിയാണുള്ളത്. കോടതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുടെ സമീപത്താണ് മൈതാനമെന്നതിനാല്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുപരിപാടികള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഈ ഭാഗത്ത് കോടതി നിരോധിച്ചിട്ടുള്ളതാണ്. അങ്ങിനെയുള്ളിടത്ത് എന്തിനാണ് സ്‌റ്റേഡിയമെന്ന ചോദ്യവും ഉയരുന്നുണ്ട്. മൈതാനം നിലവിലുള്ള രീതിയില്‍ ഉപയോഗിക്കുന്നതിന് ഒരു വിഷമവുമില്ലെന്നിരിക്കെ നിര്‍മാണ പ്രവൃത്തികള്‍ എന്തിനെന്ന ചോദ്യവുമുയര്‍ന്നിട്ടുണ്ട്. താലൂക്ക് ഓഫിസ് വളപ്പില്‍ സര്‍വേ ഓഫിസ്, പോലിസ് സ്‌റ്റേഷന്‍, റോഡിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെയും കെട്ടിടങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വാകമരത്തിന്റെ കൊമ്പുകള്‍ മുറിക്കാന്‍ അനുമതി നല്‍കാത്തവരാണ് പക്ഷികളുടെ ആവാസ കേന്ദ്രത്തെ തകര്‍ക്കാന്‍ കൂട്ടുനിന്നത്.

RELATED STORIES

Share it
Top