ആലത്തൂര്‍ ദേശീയ മൈതാനിയില്‍ വാഹന പാര്‍ക്കിങ് ഒഴിവാക്കാന്‍ നീക്കം

ആലത്തൂര്‍: താലൂക്ക് ഓഫിസിന് മുമ്പിലെ ദേശീയ മൈതാനമെന്നപേരില്‍ അറിയ പ്പെടുന്ന റവന്യൂ പുറമ്പോക്ക് സ്ഥലത്തു നിന്നും വാഹന പാര്‍ക്കിങ് ഒഴിവാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ഇവിടെ ഓപണ്‍ എയര്‍ സ്‌റ്റേഡിയം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം ചെലവിലാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്.ഇതിന്റെ ഭാഗമായി തറക്കല്ലിടല്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.അതോടൊപ്പം മൈതാനിയിലെ ആല്‍മരങ്ങളുടെ വലിയ കൊമ്പുകള്‍ മുറിച്ചുനീക്കിയിട്ടുണ്ട്. ആയിരകണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രമായ ആല്‍ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. തഹസില്‍ദാര്‍, കലക്ടര്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. നിലത്ത് ടൈല്‍സ് പതിച്ചും മുകളില്‍ മേല്‍ക്കൂര നിര്‍മിച്ചുമാണ് നിര്‍മ്മാണം നടത്തുന്നതെന്നാണ് നിര്‍മിതി കേന്ദ്രം അറിയിച്ചിരിക്കുന്നത്. മേല്‍ക്കൂര നിര്‍മിക്കുന്നതിനാല്‍ ഓപ്പണ്‍ എയര്‍ സ്‌റ്റേഡിയം എങ്ങനെയാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചതിനെതിരെ റവന്യു അധികൃതര്‍ക്ക് പ്രകൃതി പഠന സംരക്ഷണ കൗണ്‍സില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ദേശീയ മൈതാനം ടാക്‌സിസ്റ്റാന്റ് ആണെന്നാണ് ടാക്‌സി െ്രെഡവര്‍മാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ടാക്‌സി സ്റ്റാന്റ് അല്ലെന്ന് നേരത്തേ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടുണ്ട്. ഓപണ്‍ എയര്‍ സ്‌റ്റേഡിയം വരുന്നതോടെ നിരന്തരം പരിപാടികള്‍ നടക്കു മെന്നതിനാല്‍ വാഹന പാര്‍ക്കിങ് ക്രമേണ ഇവിടെ നിന്നൊഴിവാക്കുകയാണ് ലക്ഷ്യം. നിലവില്‍ എല്ലാവിധ വാഹനങ്ങളും മൈതാനിയില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ യോഗ ങ്ങള്‍ നടക്കുമ്പോള്‍ വാഹനങ്ങളെ ഒഴിവാക്കുകയെന്നത് കീറാമുട്ടിയാണ്. വാഹന സ്റ്റാന്റല്ല ഓപണ്‍ എയര്‍ സ്‌റ്റേഡിയമാണെന്ന സൂചന നല്‍കുന്ന ഫലകവും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. മൈതാനിയിലെ വൃക്ഷങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ നടത്തരുതെന്ന് കാണിച്ച് കെ ഡി പ്രസേനന്‍ എംഎല്‍എയ്ക്ക് പ്രകൃതി പഠന സംരക്ഷണ കൗണ്‍സില്‍ നിവേദനം നല്കിയിരുന്നു.മരത്തിന്റെ ഒരു ഭാഗവും മുറിച്ചുകൊണ്ടുള്ള ഒരുവിധ നിര്‍മാണവും  നടത്തില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അത് ലംഘിച്ചു കൊണ്ടാണിപ്പോള്‍ ആല്‍മരത്തിന്റെ പകുതിയോളം വരുന്ന ഭാഗങ്ങള്‍ മുറിച്ചു നീക്കിയിരിക്കുന്നത്.പകല്‍ സമയത്ത് മരം മുറിച്ചാല്‍ പ്രതിഷേധമുണ്ടാകുമെന്ന ധാരണയില്‍ അര്‍ധരാത്രിയാണ് മരത്തിന്റെ ഭാഗങ്ങള്‍മുറിച്ചുനീക്കിയിട്ടുള്ളത്. മാത്രമല്ല മുറിച്ച മരത്തിന്റെ ഒരു കഷ്ണം പോലും പരിസരത്ത് എവിടെയും വെക്കാതെ രാത്രി തന്നെ കടത്തികൊണ്ടു പോകുകയും ചെയ്തിരുന്നു.നിര്‍മാണ ചുമതലയുള്ള നിര്‍മിതിയുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കി യിട്ടുള്ളത്.വാഹനങ്ങളെ ഒഴിവാക്കില്ലെന്ന് ഇപ്പോള്‍ നല്‍കുന്ന ഉറപ്പ് പിന്നീട് പാലിക്ക ണമെന്നില്ല.

RELATED STORIES

Share it
Top