ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി അട്ടിമറിക്കാന്‍ നീക്കം

കാട്ടിക്കുളം: വിവാദമായ കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് വക ഭൂമി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി തടയാന്‍ അണിയറനീക്കം. അപ്പീല്‍ കാലാവധി കഴിഞ്ഞ് കേസ് കോടതിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ നടപടി ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആറുമാസം നിലവിലെ ഉടമയ്ക്ക് അപ്പീല്‍ കാലാവധിയുണ്ട്.
ഈ കാലയളവില്‍ അപ്പീല്‍ ലഭിച്ചാല്‍ റവന്യൂവകുപ്പ് തള്ളുമെന്നുറപ്പാണ്. എന്നാല്‍, തുടര്‍ന്ന് സുപ്രിംകോടതി വരെ പോവേണ്ടി വന്നാലും ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാവും ഭൂവുടമ നടത്തുക. ഈ കാലയളവിലാണ് ഇടുക്കി മാതൃകയില്‍ കൈവിട്ട സഹായം നല്‍കാന്‍ ഭരണകക്ഷിയിലെ പ്രമുഖര്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നത്. കോടതിയിലെത്തുന്ന കേസില്‍ ഹാജരാവേണ്ട സര്‍ക്കാര്‍ അഭിഭാഷകനെ തീരുമാനിക്കുന്നത് നിയമ വകുപ്പാണ്. സര്‍ക്കാരില്‍ വന്നുചേരേണ്ട ഇടുക്കിയലുള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഏക്കര്‍ സ്വകാര്യ തോട്ടം ഭൂമികളുടെ കേസില്‍ സംഭവിക്കുന്നത് പോലെ ആലത്തൂര്‍ എസ്‌റ്റേസ് കേസിലും സംഭവിക്കുമെന്നാണ് സൂചന. 211.67 ഏക്കര്‍ ഭൂമിയാണ് കേരള അന്യംനിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ തിരിച്ചെടുക്കല്‍ നിയമ പ്രകാരം ആറുമാസത്തിന് ശേഷം സര്‍ക്കാരിലേക്ക് വന്നുചേരേണ്ടത്.
ആയിരത്തോളം തേക്ക്, ഈട്ടിമരങ്ങള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വിലവരുന്ന മരങ്ങള്‍ മാത്രം ഈ എസ്‌റ്റേറ്റിലുണ്ട്. ഭൂമി സംബന്ധിച്ച നിയമ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ ഇവ മുറിച്ചുമാറ്റാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഭൂമി സംബന്ധിച്ച തര്‍ക്കം നിലവിലുണ്ടെന്ന വില്ലേജ് ഓഫിസറുടെ റിപോര്‍ട്ട് ഇതിനു തടസ്സമായി.

RELATED STORIES

Share it
Top