ആലംകോട് വില്ലേജ് ഓഫിസ് നന്നംമുക്ക് പഞ്ചായത്തിലേക്ക് മാറ്റുന്നു

ചങ്ങരംകുളം: കാലവര്‍ഷം കനത്താല്‍ ഓഫിസ് കെട്ടിടം  തകര്‍ന്നു വീഴുമെന്ന ഭീതിയില്‍  കുടിയിറങ്ങാനൊരുങ്ങി ആലംകോട് വില്ലേജ്. തൊട്ടാല്‍ ഷോക്കടിക്കുന്ന വൈദ്യുതി സംവിധാനവും തകര്‍ച്ച ഭീഷണിയും മൂലം ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് തൊട്ടടുത്ത പഞ്ചായത്തായ നന്നംമുക്കിലേക്ക്  മാറ്റാനൊരുങ്ങുന്നത്.
ചങ്ങരംകുളത്ത്  പുതിയ കെട്ടിടം പണി കഴിഞ്ഞു കിടക്കുമ്പോഴാണ് നന്നംമുക്കിലേക്ക് പ്രവര്‍ത്തനം മാറുന്നത്. 28ലക്ഷം രൂപ ചെലവില്‍ ബസ്റ്റാന്റിനോട് ചേര്‍ന്നാണ് വില്ലേജ് ഓഫിസിനു പുതിയ കെട്ടിടം പണിതിരിക്കുന്നത്. വകുപ്പുകള്‍ തമ്മിലുള്ള ശീത സമരം മൂലമാണ്  ഓഫീസ് മാറ്റം നീളുന്നത്.   കെട്ടിടം ഇപ്പോള്‍ കാട് പിടിച്ചു കിടക്കുകയാണ്.
പഴയ കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് ജോലിചെയ്യാനാകില്ലെന്ന് ജീവനക്കാര്‍  കലക്ടര്‍ക്ക് പരാതി നലല്‍കിയതോടെയാണ് വില്ലേജ് ഓഫിസ് മാറ്റാന്‍ തീരുമാനിച്ചത്. നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആര്‍ഡിഓക്ക്   നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള സാങ്കേതികത്വങ്ങള്‍ നീക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ പിന്നീട് നടപടികള്‍ ഒന്നുമുണ്ടായില്ല.
മൂന്നു കിലോ മീറ്റര്‍ ദൂരെയുള്ള മറ്റൊരു പഞ്ചായത്തിന്റെ പരിധിയിലെ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് ഏറെ പ്രതിഷേധത്തിന്ന് ഇടയാക്കിയിട്ടുണ്ട്.  വിവിധ ആവശ്യങ്ങള്‍ക്കായി ഇനി ആലംകോട് പഞ്ചായത്തിലുള്ളവര്‍ നന്നംമുക്കിലേക്ക് വണ്ടി കയറേണ്ടി വരും.

RELATED STORIES

Share it
Top