ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളും ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാവുന്നു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെയും മുനിസിപ്പാലിറ്റിയും ഒമ്പത് പഞ്ചായത്തുകളും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനു വേണ്ടി അഡ്വ. ബി സത്യന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വയം പര്യാപ്ത ഗ്രാമം പരിപാടിയുടെ വക്കം പഞ്ചായത്തുതല യോഗം വക്കം പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്നു. അഡ്വ. ബി സത്യന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വരുന്ന മൂന്നു വര്‍ഷം പച്ചക്കറി, പഴം, പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പാദനത്തി ല്‍ മണ്ഡലത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനാണ് പരിപാടി വിഭാവനം ചെയ്യുന്നതെന്ന് എംഎല്‍എ പറഞ്ഞു. വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ് വേണുജി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കിഴുവിലം തൊഴില്‍സേന പ്രസിഡന്റ് വി എസ് കണ്ണന്‍ പദ്ധതി വിശദീകരിച്ചു. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന പരിപാടിയുടെ ആദ്യഘട്ടം ഓണം ലക്ഷ്യമാക്കി നടക്കുന്ന പച്ചക്കറി ഉല്‍പ്പാദനമാണ്. മണ്ഡലത്തിലെ 175 വാര്‍ഡുകളിലായി 20000 വീടുകളില്‍ ഓണത്തിന് വിളവെടുക്കാന്‍ പറ്റുന്ന രീതിയില്‍ കൃഷി മെയ് രണ്ടാം വാരം ആരംഭിക്കും. തുടര്‍ന്ന് ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് പച്ചക്കറിയില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കും. വാര്‍ഡുകളില്‍ അമ്പത് വീടുകളടങ്ങുന്ന ക്ലസ്റ്ററുകള്‍ രൂപീകരിച്ച് മോണിറ്ററിങ് നടത്തിയാണ് ജനകീയമായ ഈ പ്രവര്‍ത്തനം നടക്കുന്നത്. തുടര്‍ന്ന് മൂന്നു വര്‍ഷംകൊണ്ട് മറ്റ് ഭക്ഷ്യോല്‍പന്നങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കും. വിശദീകരണത്തിനു ശേഷം പഞ്ചായത്ത് പ്രസിഡന്റ് എസ് വേണുജി ചെയര്‍മാനും കൃഷി ഓഫിസര്‍ മായ കണ്‍വീനറുമായ പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടണ്‍ അക്ബര്‍, കൃഷി ഓഫിസര്‍ മായ സംസാരിച്ചു.

RELATED STORIES

Share it
Top