ആറു ജില്ലകളില്‍15നകം റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുംതിരുവനന്തപുരം: ആറ് ജില്ലകളില്‍ ഈമാസം 15നുള്ളില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങുമെന്ന് മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. മറ്റുള്ള ജില്ലകളില്‍ ഈമാസം അവസാനത്തോടു കൂടിയും ആരംഭിക്കും. കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍ മാത്രമാണ് കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനുള്ളത്. പുതുക്കിയ റേഷന്‍ കാര്‍ഡിന്റെ പുറംചട്ട ലഭ്യമാവാനുള്ള കാലതാമസമാണ് വിതരണം വൈകിച്ചത്. വാതില്‍പ്പടി റേഷന്‍ വിതരണം ഏഴ് ജില്ലകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. ശേഷിക്കുന്ന ജില്ലകളില്‍ ഉടന്‍ ആരംഭിക്കും. വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഒരു അട്ടിമറിയും ഇല്ല. മൊത്തവ്യാപാരികള്‍ സമര്‍പ്പിച്ച കേസുകള്‍ കോടതി തള്ളിയെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ഗണനാ പട്ടികയില്‍ നിന്നു പുറത്തായ അര്‍ഹരായവരുടെ ആക്ഷേപങ്ങള്‍ പരിശോധിച്ചു വരികയാണ്. ജിപിഎസ്  സംവിധാനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.  ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയാവും. നിലവില്‍ 14.25 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അധിക വിഹിതം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും എഫ്‌സിഐയില്‍ നിന്ന് കൂടിയ വിലയ്ക്ക് അരി വാങ്ങണമെന്നാണ് കേന്ദ്രം രേഖാമൂലം അറിയിച്ചിട്ടുള്ളത്. പുതിയ റേഷന്‍ കാര്‍ഡിലെ ആധാര്‍ കാര്‍ഡ് സംയോജിപ്പിക്കുന്നത് 75.5 ശതമാനം പൂര്‍ത്തിയായി.  റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി  പറഞ്ഞു.

RELATED STORIES

Share it
Top