ആറു കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ മൂന്നു സെന്റ് വീതം നല്‍കി അബ്ദുല്‍ ഖാദര്‍

ചാവക്കാട്: പാലുവായ് ഊരോത്ത് അബ്ദുള്‍ഖാദര്‍ ആറ് കുടുംബങ്ങള്‍ക്ക് രക്ഷകനാണിപ്പോള്‍. കിടപ്പാടമില്ലാതിരുന്ന ആറ് കുടുംബങ്ങള്‍ക്ക് വീടിനായി അബ്ദുള്‍ഖാദര്‍ മൂന്നുസെന്റ് വീതം ഭൂമിയാണ് പതിച്ചുനല്‍കിയത്. ലക്കിടി സ്വദേശി ഇന്ദിരയ്ക്കും മുളങ്കുന്നത്തുകാവ് സ്വദേശി സിന്ധുവിനും ഗുരുവായൂര്‍ പാലുവായ് സ്വദേശികളായ ആസിഫിനും പ്രഭാകരനും മിനിക്കും ഷീജയ്ക്കുമെല്ലാം ഭൂമി ലഭിച്ചു.
ഗതാഗതസൗകര്യമുള്ള മികച്ച സ്ഥലമാണ് നല്‍കിയത്. ശനിയാഴ്ച രാവിലെ അബ്ദുള്‍ഖാദറിന്റെ പാലുവായിലെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ കൈമാറുന്നതിന്റെ ഉദ്ഘാടനം പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി പി വിജയന്‍ നിര്‍വഹിച്ചു.
ലഭിച്ച ഭൂമിയില്‍ വീടുവെയ്ക്കാനുള്ള സഹായം സര്‍ക്കാരില്‍നിന്ന് ലഭിക്കുമെങ്കിലും വീടുനിര്‍മാണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അതിനുള്ള ചെലവും വഹിക്കുമെന്ന് അബ്ദുള്‍ഖാദര്‍ പറഞ്ഞു.
പാലുവായ് സ്വദേശികളായ നാലുപേര്‍ക്ക് പാലുവായില്‍തന്നെയുള്ള സ്വന്തം സ്ഥലമാണ് നല്‍കിയത്. മുളങ്കുന്നത്തുകാവ് സ്വദേശിക്കും പാലക്കാട് സ്വദേശിക്കും അവരുടെ നാട്ടില്‍ വീടുവെയ്ക്കാനായി സ്ഥലം വാങ്ങിനല്‍കുകയായിരുന്നു.
40 വര്‍ഷമായി ഖത്തറില്‍ കെട്ടിടസാമഗ്രികളുടെ വ്യാപാരിയായ അബ്ദുള്‍ഖാദറിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് പൂര്‍ണപിന്തുണയുമായി ഭാര്യ റസിയയും മക്കളുമുണ്ട്.
സമ്പത്ത് നശിക്കാന്‍ അധികം സമയം വേണ്ട, ഞാന്‍ നേടിയ സമ്പത്ത് എന്റെ കഴിവുകൊണ്ടാണെന്ന് കരുതുന്നില്ല, എന്റെ സമ്പാദ്യത്തില്‍നിന്ന്, എന്നാല്‍ കഴിയുന്നത് മറ്റുള്ളവര്‍ക്കും നല്‍കണമെന്ന് തോന്നി, അതുകൊണ്ട് ദാനം ചെയ്യുന്നു.
ഇതാണ് അബ്ദുള്‍ഖാദറിന് പറയാനുള്ളത്. പെണ്‍മക്കളായ മൂനയെയും റാനയെയും വിവാഹം ചെയ്തയച്ചു. ഇരുവരും ഡോക്ടര്‍മാരാണ്.
ഇളയമകന്‍ റാഹിദ് എംബിഎ വിദ്യാര്‍ഥിയാണ്. ജീവകാരുണ്യരംഗത്ത് അബ്ദുള്‍ഖാദറിന്റെ സേവനം ആദ്യമായല്ല, ഏതാനും വര്‍ഷംമുമ്പ് അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 25 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരുന്നു. രോഗികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ 35 പേര്‍ക്ക് പെന്‍ഷനും നല്‍കുന്നുണ്ട്.
പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിനായും സഹായം നല്‍കുന്നുണ്ട്. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, ഗുരുവായൂര്‍ എസിപി പി എ ശിവദാസ്, വാടാനപ്പള്ളി എസ്‌ഐ എം കെ രമേഷ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ നിര്‍മല കേരളന്‍, ബിന്ദു അജിത്കുമാര്‍ തുടങ്ങിയവരും ഭൂമികൈമാറ്റച്ചടങ്ങിനെത്തിയിരുന്നു.

RELATED STORIES

Share it
Top