ആറുവയസ്സുകാരിക്കും പള്ളി ഇമാമിനും ദാരുണാന്ത്യംകരുനാഗപ്പള്ളി: പാളത്തിലേക്കിറങ്ങിയ ചെറുമകളെ രക്ഷിക്കാന്‍ ശ്രമിച്ച പള്ളി ഇമാമും കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു. കരുനാഗപ്പള്ളി അമ്പിശ്ശേരി തൈക്കാവ് പള്ളി ഇമാമും മദ്‌റസാ അധ്യാപകനുമായ തഴവ കടത്തൂര്‍ പാപ്പാന്‍കുളങ്ങര ദാറുല്‍ ഫൈസല്‍ വീട്ടില്‍ ഇസ്മായില്‍ കുട്ടി മുസ്‌ല്യാര്‍ (55), ചെറുമകള്‍ അയ്ദ (ആറ്) എന്നിവരാണ് മരിച്ചത്. കോട്ടയം-കൊല്ലം മെമു ട്രെയിന്‍ തട്ടിയാണ് അപകടം. കുലശേഖരപുരം കടത്തൂര്‍ മണ്ണടിശ്ശേരി ക്ഷേത്രത്തിന് സമീപത്തുള്ള നഴ്‌സറി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് അയ്ദ.
വൈകീട്ട് 3.30ന് സ്‌കൂള്‍ വിട്ട് കൊച്ചുമകളെയും കൂട്ടി ഇസ്മായില്‍ കുട്ടി മുസ്‌ല്യാര്‍ വീട്ടിലേക്ക് വരുകയായിരുന്നു. റെയില്‍വേ ട്രാക്കിന് സമീപത്ത് മാതാവിനെ കണ്ട അയ്ദ ഓടി പാളത്തിലേക്ക് കയറി. ഇതേ സമയത്താണ് കോട്ടയം-കൊല്ലം മെമു ട്രെയിന്‍ കടന്നുവന്നത്. ഇതു കണ്ട ഇസ്മായില്‍ കുട്ടി മുസ്‌ല്യാര്‍ കൊച്ചുമകളെ രക്ഷിക്കാനായി പാളത്തിലേക്ക് കയറുകയായിരുന്നു. കുതിച്ചുവന്ന ട്രെയിന്‍ ഇരുവരെയും തട്ടിത്തെറിപ്പിച്ചു. സംഭവം കണ്ടുനിന്ന കുട്ടിയുടെ മാതാവ് ബോധരഹിതയായി വീണു.
ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഖബറടക്കം ഇന്നു രാവിലെ പത്തിന് ചിറ്റുമൂല മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.
താഹമോന്‍-ഫെമിന ദമ്പതികളുടെ മകളാണ് അയ്ദ. സഹോദരന്‍: അഹ്‌യാന്‍. ഇസ്മായില്‍ കുട്ടി മുസ്‌ല്യാരുടെ ഭാര്യ: നബീസത്ത്. മക്കള്‍: ഫെമിന, ഫൈസല്‍ (സൗദി). മരുമക്കള്‍: താഹമോന്‍, റിസ്‌വാന.

RELATED STORIES

Share it
Top