ആറുമാസമായി മുന്‍സിഫില്ല; കേസ് ഫയലുകള്‍ കുമിഞ്ഞുകൂടുന്നു

കാസര്‍കോട്: കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ ആറു മാസത്തോളമായി മുന്‍സിഫില്ല. ഇതുമൂലം കോടതിയില്‍ കേസ് ഫയലുകള്‍ കുമിഞ്ഞ് കൂടുന്നു. ആറുമാസം മുമ്പ് സ്ഥലം മാറിപ്പോയ മുന്‍സിഫിന് പകരം കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ ആരും ചുമതലയേറ്റിട്ടില്ല. പുതിയ മുന്‍സിഫിനെ നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ജൂണ്‍ മാസത്തില്‍ മാത്രമേ ചുമതലയേല്‍ക്കുകയുള്ളൂ.
കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനാണ് ഇപ്പോള്‍ മുന്‍സിഫ് കോടതിയുടെ ചുമതലയുള്ളത്. ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെ നിരവധി കേസുകള്‍ കൈകാര്യം ചെയ്യാനുള്ളതിനാല്‍ മുന്‍സിഫ് കോടതിയുടെ കേസുകള്‍ പരിഗണനയ്‌ക്കെടുക്കുന്നതിന് മജിസ്‌ട്രേറ്റിന് സമയം തികയാത്ത സ്ഥിതിയാണുള്ളത്. ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പ്രമാദമായ കേസുകളടക്കം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലാണുള്ളത്. ഇതിനിടയില്‍ മുന്‍സിഫിലെ കേസുകള്‍ കൂടി കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ ജോലിഭാരം ഇരട്ടിക്കുകയാണ്. മുന്‍സിഫ് കോടതിയില്‍ നൂറുകണക്കിന് സിവില്‍ കേസുകള്‍ പുറത്തെടുക്കാനാകാതെ ഫയലുകളില്‍ കുരുങ്ങിക്കിടപ്പാണ്. ജൂണ്‍മാസത്തില്‍ തന്നെ പുതിയ മുന്‍സിഫിന് ചുമതല ഏറ്റെടുക്കാന്‍ സാധിക്കുമെന്നതില്‍ വ്യക്തതയുമില്ല.
കോടതിയിലെ കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോടതികളില്‍ ജഡ്ജിമാരെയും മജിസ്‌ട്രേറ്റുമാരെയും നിയമിക്കുന്നതിലുണ്ടാകുന്ന തടസങ്ങള്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികളെയും പ്രതികൂലമായി ബാധിക്കുന്നു.

RELATED STORIES

Share it
Top