ആറളത്തെ ചുള്ളിക്കൊമ്പനെ തളയ്ക്കാന്‍ കൂടൊരുങ്ങിഇരിട്ടി: ആറളം പുനരധിവാസ മേഖലയിലും പരിസരപ്രദേശങ്ങളിലും നാലുപേരെ കുത്തിക്കൊലപ്പെടുത്തിയ ചുള്ളിക്കൊമ്പനെ മയക്കുവെടിവച്ച് തളയ്ക്കാന്‍ ആറളം വന്യജീവി സങ്കേതത്തില്‍ താല്‍ക്കാലിക കൂടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഉന്നത വനപാലകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച 15ഓളം പേര്‍ ചേര്‍ന്നാണ് കൂടൊരുക്കിയത്. വയനാട് കല്‍പറ്റ സുഗന്ധഗിരി യൂക്കാലിപ്‌സ് പ്ലാന്റേഷനില്‍നിന്ന് നാലു ലോഡ് മരത്തടികള്‍ ഇതിനായി എത്തിച്ചു. മൂന്നു ദിവസത്തിനകം തമിഴ്‌നാട്ടില്‍നിന്നും വയനാട്ടില്‍ നിന്നുമായി മൂന്ന് കുങ്കിയാനകളെ കൊണ്ടുവന്ന് മറ്റാനകളെ തുരത്തിയ ശേഷം ചുള്ളിക്കൊമ്പനെ വയനാട് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവച്ച് പിടികൂടും. മയക്കുവെടി വയ്ക്കുന്ന ചുള്ളിക്കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോവാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വെടിവച്ച് പിടികൂടിയ ഉടന്‍ ദീര്‍ഘദൂര ഓട്ടം സാധ്യമല്ലാത്തതിനാല്‍ ആറളത്തു തന്നെ താല്‍ക്കാലിക കൂട് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ ഒരുമാസം പാര്‍പ്പിച്ച ശേഷം കോടനാട്ടേക്ക് കൊണ്ടുപോവാനാണ് തീരുമാനം.

RELATED STORIES

Share it
Top