ആറളത്തെ അങ്കണവാടി കുട്ടികള്‍ ദുരിതത്തില്‍

ഇരിട്ടി: വെള്ളവും വൈദ്യുതിയുമില്ലാതെ അങ്കണവാടി കുട്ടികളും ജീവനക്കാരും ദുരിതത്തില്‍. ആറളം താഴെഅങ്ങാടിയിലെ അങ്കണവാടിയിലാണ് കുട്ടികള്‍ ചൂടില്‍ വെന്തുരുകുന്നത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി കെട്ടിടം ഒരുവര്‍ഷം മുമ്പാണ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള സ്വന്തമായ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം തുടങ്ങിയത്. പ്രദേശത്തെ പൊയിലന്‍ സലാം എന്നയാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ബ്ലോക്ക് പഞ്ചയാത്തിന്റെയും പഞ്ചയാത്തിന്റെയും ഫണ്ടുപയോഗിച്ച് പത്ത് ലക്ഷം രൂപ ചെലവില്‍ കെട്ടിടം പണിതത്.
അങ്കണവാടി വെല്‍ഫേര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പണം സ്വരൂപിച്ച് സ്ഥലം വാങ്ങി കെട്ടിടത്തിലേക്ക് റോഡും നിര്‍മിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയും എത്തിക്കാനാവശ്യമായ നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ചൂടിന്റെ കാഠിന്യം കൂടിയതോടെ കുട്ടികള്‍ക്ക് ഇവിടെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇപ്പോള്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. വൈദ്യുതിലൈന്‍ കെട്ടിടത്തിന്റെ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്.

RELATED STORIES

Share it
Top