ആറളം ഫാമില്‍ 25ഓളം തെങ്ങുകള്‍ കാട്ടാന കുത്തിവീഴ്ത്തി

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കൂട്ടം കനത്ത നാശം വിതയ്ക്കുമ്പോള്‍ വനംവകുപ്പ് അധികൃതര്‍ക്ക് നിസംഗത. ഒരുമാസത്തിനിടെ ഫാം അധീന പ്രദേശങ്ങളില്‍ നിന്നു 170തോളം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഫാമിന്റെ അഞ്ചാം ബ്ലോക്കില്‍ മാത്രം 25ഓളം നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചത്.
കാട്ടാനകളെ ജനവാസ മേഖലയില്‍ നിന്നു വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്നു കുറച്ചു മാസങ്ങളായി ഉണ്ടാവുന്നില്ല. ഫാമിലെ തൊഴിലാളികളും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഒരാഴ്ചയ്ക്കിടെ 10 ആനകളെയാണ് ഫാമില്‍ നിന്നു വനത്തിലേക്ക് തുരത്തിയത്. രണ്ട് ആനകള്‍ കൂടി ഫാമിനുള്ളില്‍ അവശേഷിക്കുന്നുണ്ടെന്നാണ് ഫാം ജീവനക്കാര്‍ പറയുന്നത്. അവശേഷിച്ച രണ്ട് ആനകളാണ് കഴിഞ്ഞദിവസം രാത്രി തെങ്ങുകള്‍ കുത്തിവീഴ്ത്തിയത്. ഇവയെയും വനത്തിലേക്ക് തുരത്താനുള്ള നടപടിയുണ്ടായാല്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് ഫാം അധികൃതര്‍ പറയുന്നത്.
അക്രമകാരിയായ ചുള്ളിക്കൊമ്പനെ ഫാമില്‍ നിന്നു മയക്കുവെടി വച്ച് പിടിച്ചശേഷം വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ആനയെ തുരത്താനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിലും രൂക്ഷമായ കാട്ടാനയുള്‍പ്പെടെയുള്ള വന്യമ്യഗശല്യം പരിഹരിക്കാന്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വനംവകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ ഓഫിസ് ഇരിട്ടിയിലേക്ക് മാറ്റിയത്. എന്നിട്ടും കാര്യമായ പ്രതിരോധ നടപടികള്‍ ഒന്നും നടക്കുന്നില്ല. ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഫാമിനെയും ആറളം വന്യജീവി സങ്കേതത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന ആനമതിലും റെയില്‍ ഫെന്‍സിങ് ഉള്‍പ്പെടെയുളള വന്യജീവി പ്രതിരോധ മാര്‍ഗങ്ങളും വ്യാപകമായി തകര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ആനകള്‍ ഫാം അധീനതയിലുള്ള മേഖലയിലേക്ക് പ്രവേശിക്കാനിടയായത്.
ആനമതില്‍ ഉള്‍പ്പെടെ തകര്‍ന്ന ഭാഗങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. ഇവ പുനസ്ഥാപിക്കുന്നതിന് മുമ്പ് ജനവാസ മേഖലയില്‍ നിന്നു മുഴുവന്‍ ആനകളെയും വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് ഫാം അധികൃതര്‍ പറയുന്നത്. ഇതിനായി വനം വകുപ്പിന്റെയും ഫാം മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് നടപടിയുണ്ടാവണമെന്നാണ് ഫാം തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.

RELATED STORIES

Share it
Top