ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം വനത്തിലേക്ക് തുരത്തിയ ആനക്കൂട്ടം വീണ്ടും ഫാമിലേക്ക് തന്നെ തിരിച്ചെത്തി. ഫാം അധീനതയിലുള്ള രണ്ടാംബ്ലോക്കില്‍ രാത്രിയെത്തിയ ആനകള്‍ രണ്ട് വൈദ്യുതി തൂണുകള്‍ കുത്തിവീഴ്ത്തുകയും സമീപത്തെ തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്ന ഷെഡും തകര്‍ത്തു. നിറയെ കായ്ഫലമുള്ള രണ്ട് തെങ്ങുകളും നൂറോളം ചക്കയും ആനക്കൂട്ടം നശിപ്പിച്ചു.
ഒരാഴ്ച മുമ്പാണ് ആനക്കൂട്ടത്തെ വനം വകുപ്പിന്റെയും ഫാം സെക്യൂരിറ്റി ജീവനക്കാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ ആറളം വനത്തിലേക്ക് തുരത്തിയത്. എട്ടോളം ആനകളാണ് ഫാം അധീനതയിലുള്ള മേഖലയില്‍ മാസങ്ങളായി തവളമാക്കിയിരിക്കുന്നത്. ഇതിനെയെല്ലാം വനത്തിലേക്ക് തുരത്തിയെന്നാണ് വനം വകുപ്പ് അവകാശപ്പെട്ടിരുന്നത്. വനത്തിലേക്ക് കടന്ന ആനക്കൂട്ടം തിരികെ ഫാം അധീന മേഖലയിലേക്കെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫാമിന്റെ ഒന്നാം ബ്ലോക്കില്‍ ഒരു തെങ്ങ് ആന കുത്തി വീഴ്ത്തിയിരുന്നു. ആറളം വനത്തില്‍ നിന്നു അഞ്ചു കിലോമീറ്ററെങ്കിലും അകലെയുള്ള പ്രദേശമാണ് ഒന്ന്, രണ്ട് ബ്ലോക്കുകള്‍. തുരത്തിയ ആന വീണ്ടും അവിടെ തന്നെ തിരിച്ചെത്തിയത് വനം വകുപ്പിന്റെ അവകാശ വാദത്തില്‍ സംശയമുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒന്ന്, രണ്ട് ബ്ലോക്കുകളിലെ നൂറോളം തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തിയത്. ഈ ബ്ലോക്കുകളിലെ തെങ്ങുകള്‍ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുത്തിരുന്നു. ഫാം ഓഫിസിനു സമീപം ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന വനമേഖലയ്ക്കു സമാനമായ കാട്ടിനുള്ളിലേക്കാണ് ആനക്കൂട്ടത്തെ തുരത്തിയതെന്നാണ് ചിലര്‍ പറയുന്നത്. അതുകൊണ്ടാണ് വീണ്ടും ആനകള്‍ ഫാം അധിന മേഖലയിലേക്ക് പ്രവേശിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്.
ആറളം വന്യജീവി സങ്കേതത്തില്‍ നിന്നു ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാം അധീനതയില്‍ എത്തിയിരിക്കുന്നത്. 3500ഓളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഫാമിന്റെ പാലപ്പുഴ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഒന്നും രണ്ടും ബ്ലോക്ക്. ആറളം വനത്തിലേക്ക് തുരത്തിയ ആന വീണ്ടും ഇവിടെ തന്നെ തിരിച്ചെത്തണമെങ്കില്‍ ജനവാസമേഖലയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. അക്രമകാരിയായ ചുള്ളിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ച ശേഷം ഫാമിനുള്ളിലുള്ള ആനയെ തുരത്താന്‍ വനംവകുപ്പിന്റെ ഭാഗത്തു നിന്നു കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആറളം ഫാം മാനേജ്‌മെന്റില്‍ നിന്നു ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വനപാലക സംഘം ആനയെ തുരത്താനിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ഫാമിന് കാട്ടാനകളുടെ വിളയാട്ടവും വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം രണ്ടു കോടിയിലധികം രൂപയുടെ വരുമാനം തെങ്ങില്‍ നിന്നു ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒന്നരക്കോടി പോലും ലഭിക്കാത അവസ്ഥയാണ്. ഏറെക്കാലം കായ്ഫലം നല്‍കേണ്ട തെങ്ങുകളാണ് നശിപ്പിക്കുന്നവയില്‍ ഏറിയഭാഗവും. ആനക്കൂട്ടം കടയ്ക്കല്‍ ചവിട്ടിയാണ് തെങ്ങ് മറിച്ചിടുന്നത്. തെങ്ങിന്റെ മധുരരസമുള്ള കൂമ്പും അല്‍പം തളിര് ഓലയും മാത്രമാണ് ഭക്ഷിക്കുന്നത്.

RELATED STORIES

Share it
Top