ആറളം ഫാമില്‍ കുടിവെള്ളത്തിന് ആദിവാസികളുടെ നെട്ടോട്ടം

സാദിഖ് ഉളിയില്‍

ഇരിട്ടി: ജലക്ഷാമം രൂക്ഷമായ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കുടിവെളളത്തിനായി ആദിവാസികള്‍ നെട്ടോട്ടത്തില്‍. കാട്ടിനുള്ളിലെ നീരുറവകളില്‍ നിന്നാണ് ചളിമയം നിറഞ്ഞ വെള്ളം ആദിവാസികള്‍ ശേഖരിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയിലേക്കാണ് ആദിവാസികള്‍ വെള്ളം ശേഖരിക്കാന്‍ പോവുന്നത്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനെത്തുന്ന മേഖലയില്‍ നിന്നുതന്നെയാണ് ആദിവാസികളും വെള്ളം ശേഖരിക്കുന്നത്. വെള്ളവുമായി വരുന്ന വഴികളും ദുര്‍ഘടമാണ്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കു പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച ആനമതിലും റെയില്‍ വേലിയും സോളാര്‍ വേലിയുമെല്ലാം കടന്നാണ് വെള്ളവുമായെത്തുന്നത്. വന്യമൃഗങ്ങള്‍ തുരത്തിയാല്‍ തന്നെ പെട്ടെന്ന് രക്ഷപ്പെടാവുന്ന സാഹചര്യവുമല്ല ഇവിടങ്ങളിലുള്ളത്. ആറളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മേഖലയില്‍ കിയോസ്‌കുകളില്‍ വെള്ളം നിറയ്ക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കിയിട്ടുണ്ട്.ഇതുപ്രകാരം മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്‌കുകളില്‍ അടുത്തുതന്നെ കുടിവെള്ളം നിറയ്ക്കും. പുനരധിവാസമേഖലയില്‍ 7,9,10,11 ബ്ലോക്കുകളിലാണ് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത്. മേഖലയിലെ രൂക്ഷമായ ജലക്ഷാമം കണക്കിലെടുത്ത് കൂടുതല്‍ കിയോസ്‌കുകളും സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വനത്തിനുള്ളിലെ പാറക്കെട്ടടുകളില്‍ നിന്നു കണ്ണീര്‍ചാലുകള്‍ പോലെ ഉറ്റിവീഴുന്ന വെള്ളം ചെറിയ പാത്രങ്ങളില്‍ ശേഖരിച്ചാണ് പാത്രങ്ങളില്‍ നിറയ്ക്കുന്നത്. ഒരു പാത്രം വെള്ളം കിട്ടാന്‍ തന്നെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നതായി ആദിവാസികള്‍ പറഞ്ഞു. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരാണ് വനത്തിനുള്ളിലെ നീരുറവകളെ കൂടുതലായി ആശ്രയിക്കുന്നത്. വന്യമൃഗശല്യം കാരണം സമീപവാസികള്‍ തന്നെ വെള്ളമെടുക്കുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വൈകീട്ട് നാലിനു ശേഷം വെള്ളത്തിനായി വനത്തിലേക്ക് പോവരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജലനിധി പദ്ധതിയില്‍ നിന്നുള്ള വെള്ളം വിതരണം കാര്യക്ഷമാവാത്തതാണ് ജലക്ഷാമം രൂക്ഷമാവാന്‍ പ്രധാന കാരണം.

RELATED STORIES

Share it
Top