ആറളം ഫാം: പട്ടയം തിരിച്ചുപിടിക്കാന്‍ നടപടി

ഇരിട്ടി: ആറളം ഫാമില്‍ സ്ഥിരതാമസമില്ലാത്ത ആദിവാസി കുടുംബങ്ങളുടെ പട്ടയം തിരിച്ചുപിടിക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി താമസിക്കാത്ത കുടുംബങ്ങളുടെ റിപോര്‍ട്ട് കൈമാറാന്‍ ആദിവാസി പുനരധിവാസ മിഷന്‍ പ്രൊജക്റ്റ് ഓഫിസര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. ആറളം ഫാം ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജറുടെയും ട്രൈബല്‍ പ്രമോട്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളുടെ വിവരം ശേഖരിക്കും. ജില്ലയിലെ  ഭൂരഹിതരായ 3304 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഫാമില്‍ ഒരേക്കര്‍ ഭൂമിവീതം അനുവദിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടയം നല്‍കിയത്.
ഇതില്‍ 2000ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് സ്ഥിരതാമസക്കാര്‍. കശുവണ്ടി സീസണില്‍ മാത്രമാണ് പലരും തങ്ങളുടെ ഭൂമിയില്‍ എത്താറുള്ളൂ. ഇതുമൂലം പുനരധിവാസ മേഖലയിലെ ആയിരക്കണക്കിന് ഏക്കര്‍ പട്ടയഭൂമി കാടുമൂടി. ഇതോടെ പുനരധിവാസ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായി. പട്ടയഭൂമിയില്‍ വ്യാപക കൈയേറ്റവും നടക്കുന്നുണ്ട്. പട്ടയം ലഭിച്ചവരെ പുനരധിവാസ മേഖലയില്‍ സ്ഥിരതാമസക്കാരാക്കാനും കൈയേറ്റം അവസാനിപ്പിക്കാനുമായി രണ്ടുവര്‍ഷം മുമ്പ് ജില്ലാ സര്‍വേ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികവര്‍ഗ വികസന വകുപ്പ് സ്ഥിരതാമസക്കാരല്ലാത്തവരുടെ പട്ടയം തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടത്. ഇത്തരം പട്ടയം ഇപ്പോള്‍ ഫാമില്‍ കൈയേറി താമസിക്കുന്ന ഭൂരഹിതരായ ആദിവാസികള്‍ക്ക് അനുവദിക്കും. പട്ടയം ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്നും പകരം ഭൂമി അനുവദിക്കണമെന്നും കാണിച്ച് നിരവധി അപേക്ഷകള്‍ ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.
താമസിക്കാത്തവരുടെ ഭൂമി തിരിച്ചുപിടിക്കുന്നതിലൂടെ ഇവരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. അധികൃതരുടെ തീരുമാനത്തെ ഊരുസഭകളും പിന്തുണച്ചതോടെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഭൂമി ലഭിച്ച കുടുംബങ്ങളെയെല്ലാം ഫാമില്‍ സ്ഥിരതാമസക്കാരാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കേണ്ട ആദിവാസി സംഘടനകള്‍ ഭൂമി കൈയേറി ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇതുവരെ നടത്തിയത്. കൈയേറ്റക്കാര്‍ക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചതോടെ വകുപ്പുതല നടപടികള്‍ മന്ദഗതിയിലായി. പട്ടയം നല്‍കിയ ഭൂമിയായതിനാല്‍ കൈയേറ്റക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്ന നിലപാടായിരുന്നു ജില്ലാ ഭരണകൂടവും ആദിവാസി പുനരധിവാസ മിഷനും സ്വീകരിച്ചിരുന്നത്.

RELATED STORIES

Share it
Top