ആറന്‍മുള വള്ളംകളി നടക്കുമോയെന്ന ആശങ്കയില്‍ പള്ളിയോട സേവാസംഘംപത്തനംതിട്ട: ആറന്മുള വഴിപാട് വള്ളസദ്യകള്‍ ആരംഭിക്കാന്‍ കേവലം രണ്ടുമാസം മാത്രം ശേഷിച്ചിരിക്കെ ആറന്മുള ക്ഷേത്രകടവുമുതല്‍ മുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന മണ്‍പുറ്റുകള്‍ മാറ്റാന്‍ ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കാത്തതില്‍ പള്ളിയോട സേവാസംഘം പ്രതിഷേധവുമായി രംഗത്ത്. തീരത്ത് മണ്‍പുറ്റുകള്‍ വ്യാപിച്ചുകിടക്കുന്നതുമൂലം പളളിയോടങ്ങള്‍ക്ക് തീരത്ത് അടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ ഗതിമാറി ഒഴുകുന്ന നദിയില്‍ കൂടി പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞെത്താന്‍ ബുദ്ധിമുട്ടുണ്ട്. ഈ വേനല്‍കാലത്ത് മണ്‍പുറ്റുകള്‍ പൂര്‍ണമായും മാറ്റി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കാമെന്നാണ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞിരുന്നത്. ഇടവപ്പാതി ആരംഭിക്കാന്‍ ഇനി രണ്ടാഴ്ച്ച മാത്രമാണ് ബാക്കിയുള്ളത്. നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകഴിഞ്ഞാല്‍ മണ്‍പുറ്റുകള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ നടപടിയെടുക്കാതെ വകുപ്പ് ഒഴിഞ്ഞുമാറിയതിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ എട്ടിന്  ഇറിഗേഷന്‍ വകുപ്പിലെ വിദഗ്ധ സംഘം പമ്പാ നദിയില്‍ പഠനം നടത്താന്‍ എത്തിയിരുന്നു. വീണാജോര്‍ജ് എംഎല്‍എ പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ എന്നിവര്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ സംഘത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടി നടന്നില്ല. കൂടാതെ ക്ഷേത്രകടവിന് കിഴക്കുവശത്ത് ഗാലറി പണിയുന്നതിനായി ഇളക്കിമാറ്റിയ മണ്ണ് ഇപ്പോഴും എടുത്തുമാറ്റാതെ നദിയില്‍ തന്നെ കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ക്ഷേത്രകടവില്‍ നിന്നും ഇറിഗേഷന്‍ വകുപ്പ് മണ്ണ് മാറ്റിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് വെറും പ്രഹസനമായിരുന്നുവെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന്‍പിള്ള പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രക്കടവിന് മുകളില്‍ കുന്നുകൂടി കിടക്കുന്ന മണ്ണ് ഇടവപ്പാതി കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ ഒഴുകി ക്ഷേത്രകടവിലെത്താന്‍ ഇടയുണ്ട്. ജൂലൈ 15നാണ് വള്ളസദ്യ വഴിപാടുകള്‍ ആരംഭിക്കുന്നത്. ഇത്തരത്തില്‍ മണ്ണ് ഒലിച്ച് ക്ഷേത്രക്കടവില്‍ എത്തിയാല്‍ പള്ളിയോടങ്ങള്‍ക്ക് ആചാരപ്രകാരം ക്ഷേത്രകടവില്‍ അടുക്കാന്‍ കഴിയാതെ പോകും. തിരുവോണതോണിപോലും ക്ഷേത്രക്കടവിലേക്ക് അടുക്കില്ല. കൂടാതെ ഇത് അപകടങ്ങള്‍ക്കും ഇടയാക്കും. യഥാര്‍ഥത്തില്‍ ആറന്മുളയില്‍ നിന്നും പുറ്റു മാറ്റുക എന്ന പദ്ധതിയുടെ പേരില്‍ ഇറിഗേഷന്‍ വകുപ്പ് വന്‍ തട്ടിപ്പിനാണ് കളമൊരുക്കിയിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്. കേവലം 200 മീറ്റര്‍ ദൂരത്തില്‍ പരന്നുകിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ആറുകോടി രൂപയുടെ എസ്റ്റിമേറ്റാണ് എടുത്തിട്ടുള്ളത്. ഇത് വിവാദമാവുമെന്ന് വന്നതോടെ റാന്നി മുതല്‍ ആറന്മുള വരെയുള്ള പുറ്റുകള്‍ മാറ്റാനാണ് തുക അനുവദിച്ചതെന്ന് പറഞ്ഞ് ഇദ്യോഗസ്ഥര്‍ തടിതപ്പുകയായിരുന്നു. എന്നാല്‍ ഈ തട്ടിപ്പിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചില്ല.  ഇപ്പോള്‍ ആറന്മുളയിലെ പുറ്റ് മാറ്റാന്‍ വേണ്ടി 35 ലക്ഷം രൂപയുടെ മറ്റൊരു എസ്റ്റിമേറ്റ് തയ്യാറാക്കിയതായാണ് അറിവ്. എന്നാല്‍ വേനല്‍കാലം കഴിഞ്ഞ് വര്‍ഷകാലം ആരംഭിക്കാന്‍ പോവുന്നതോടെ ഈ പദ്ധതി പാളാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 35 ലക്ഷം രൂപയ്ക്ക് പേരിനുമാത്രം പണിചെയ്ത് ബാക്കി തുക കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കും പങ്കിട്ടെടുക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്.കഴിഞ്ഞ വര്‍ഷം കീഴ്‌ച്ചേരിമേല്‍ പള്ളിയോടം മണല്‍കൂനയില്‍ തട്ടിമറിഞ്ഞ് രണ്ട് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ഈ വര്‍ഷവും ഇത് പരിഹരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പള്ളിയോട കരകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പള്ളിയോടസേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ഡോ.കെ ജിശശിധരന്‍പിള്ള, സെക്രട്ടറി പി ആര്‍രാധാകൃഷ്ണന്‍, ഖജാഞ്ചി കൃഷ്ണകുമാര്‍ കൃഷ്ണവേണി, വൈസ് പ്രസിഡന്റ് കെപി സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top