ആറംഗ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

മഞ്ചേരി: മാരകായുധങ്ങളുമായി വാഹനത്തിലെത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ മഞ്ചേരി പോലിസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ ഗൂഢല്ലൂര്‍ കൂത്തുപറമ്പ് പ്രദീപ് (34), കാഞ്ചിപുരം സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ആറംഗസംഘത്തിലെ നാലുപേര്‍ രക്ഷപ്പെട്ടു. സംഘം സഞ്ചരിച്ച വാഹനത്തില്‍ നിന്നു പാര, വടിവാള്‍ തുടങ്ങിയ ആയുധങ്ങളും ക്ലോറോഫോം, കൈയ്യുറ, മുഖംമൂടി, കയര്‍, നായകളെ മയക്കുന്നതിനുള്ള രാസ പദാര്‍ഥങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു.
മഞ്ചേരി ചെങ്ങണ ബൈപാസ് റോഡില്‍ കവളങ്ങാട് അസമയത്ത് കണ്ടെത്തിയ സംഘത്തെ നാട്ടുകാര്‍ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടയില്‍ സംഘത്തിലെ നാലുപേര്‍ ൈബപാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മുസ്ലിയാരകത്ത് യൂസഫ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ കാര്‍ പിന്നീട് പാണ്ടിക്കാട് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.  നാട്ടുകാര്‍ ഏല്‍പ്പിച്ച രണ്ടു പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് രക്ഷപ്പെട്ട നാലുപേരെ സംബന്ധിച്ച് വിവരം ലഭിച്ചതായി പോലിസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ സംഘം പ്രദേശത്തെ ഒരു വീട്ടില്‍ കവര്‍ച്ച നടത്താനായി എത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ എട്ടിന് അനക്കയം പുള്ളീലങ്ങാടി സ്വദേശി ഗോപകുമാറിന്റെ വീട്ടില്‍ സമാന രീതിയില്‍ എത്തിയ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘവുമായി അറസ്റ്റിലായവര്‍ക്ക് ബന്ധുമുള്ളതായി സംശയിക്കുന്നു. കവര്‍ച്ചാ സംഘത്തിന് പ്രാദേശികമായ സഹായം ലഭിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ തോട്ടത്തില്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, പി സഞ്ജീവ്, ഉണ്ണികൃഷ്ന്‍ മാരാത്ത്, അഡീഷനല്‍ എസ് ഐ ഷാജിമോന്‍, എഎസ്‌ഐ അമ്മദ്, സീനിയര്‍ സിപിഒ സുരേന്ദ്രന്‍, സിപിഒമാരായ ദിനേശ്, വേണു, സന്ദീപ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

RELATED STORIES

Share it
Top