ആര്‍സിസി പൂര്‍ണമായും ടാറ്റയ്ക്ക് കൈമാറാന്‍ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) പൂര്‍ണമായും ടാറ്റയ്ക്കു കൈമാറി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ആര്‍സിസി.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ആര്‍സിസിയെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തിയിരുന്നു. നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ആശ്രയമായ ഈ സ്ഥാപനം ടാറ്റയ്ക്കു കൈമാറിയാല്‍ അര്‍ബുദ ചികില്‍സാ ചെലവുകള്‍ കുതിച്ചുയരും. ഏറ്റെടുക്കലിന്റെ ആദ്യഘട്ടം എന്ന നിലയില്‍ മുംബൈയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്—ആര്‍സിസിക്ക് സാങ്കേതിക സഹായം നല്‍കുന്നുണ്ട്. നിലവില്‍ ആര്‍സിസിയുടെ ഭാഗീക നിയന്ത്രണം ടാറ്റ കൈവശപ്പെടുത്തിക്കഴിഞ്ഞു. രോഗികളെ പരിശോധിക്കാനുള്ള ഡോക്ടര്‍മാരുടെ സമയം നിശ്ചയിക്കുന്നതും ഭരണപരമായ ചില കാര്യങ്ങളും നിലവില്‍ ടാറ്റയുടെ നിയന്ത്രണത്തിലാണ്. ഇതിനിടെ ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് ടാറ്റയുടെ മേല്‍നോട്ട ചുമതല ഏറ്റെടുക്കാന്‍ നീക്കംനടക്കുന്നതായും സൂചനയുണ്ട്.
വരുന്ന ആഗസ്തില്‍ കാലാവധി തീരുന്ന തനിക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് ആരോഗ്യമന്ത്രിക്കും ആരോഗ്യ സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. 2009ലാണ് അദ്ദേഹം ഡയറക്ടറായത്. മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അതിനു ശേഷം ഇപ്പോഴത്തെ സര്‍ക്കാരും കാലാവധി നീട്ടി നല്‍കുകയായിരുന്നു.
2022 വരെ അദ്ദേഹത്തിന് സര്‍വീസുണ്ട്. കാന്‍സര്‍ ചികില്‍സാരംഗത്ത് 18 വര്‍ഷത്തെ ചികില്‍സാ പരിചയമുള്ളവരെ സര്‍ക്കാര്‍ നിയമിക്കുന്ന പ്രത്യേക സമിതിയാണ് ഡയറക്ടറെ നിയമിക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി രാജ്യവ്യാപകമായി തുടങ്ങാന്‍ പോവുന്ന നാഷനല്‍ കാന്‍സര്‍ ഗ്രിഡിന്റെ ഫണ്ട് വിനിയോഗത്തിന്റെ ചുമതലക്കാരാനായി ചാര്‍ജെടുക്കുന്നതിന് വേണ്ടിയാണ് ഡോ. പോള്‍ സെബാസ്റ്റിയന്‍ ആര്‍സിസി ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നതെന്നാണ് സൂചന.
മുംബൈ, കൊല്‍ക്കത്ത, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാന്‍സര്‍ ആശുപത്രികളുള്ള ടാറ്റ പുതിയൊരു സംരംഭത്തിന് കാലെടുത്തു വയ്ക്കുകയാണ്. ഇന്ത്യയിലെ മുഴുവന്‍ കാന്‍സര്‍ ആശുപത്രികളെയും ഒരു നെറ്റ്‌വര്‍ക്കിന് കീഴിലാക്കി ചികില്‍സ ഏകോപിപ്പിക്കുകയാണു ലക്ഷ്യം. ഇതിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി 300 കോടി രൂപയാണ് ചെലവഴിക്കുന്നത്. ആര്‍സിസി സ്വകാര്യവല്‍ക്കരിക്കാനുള്ള അധികൃതരുടെ നീക്കത്തിന് ജീവനക്കാരുടെ ശക്തമായ എതിര്‍പ്പുണ്ട്. എന്നാല്‍ ഈ നീക്കത്തില്‍ ഉന്നതതല പിന്തുണയുള്ളതായാണു സൂചന. മരുന്നു വിതരണം ഏറ്റെടുക്കാനും ടാറ്റ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ജീവനക്കാരുടെ എതിര്‍പ്പുമൂലം നടന്നില്ല.
കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സാ സൗകര്യം ലഭ്യമാക്കുന്ന സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനോടു ജീവനക്കാര്‍ക്കു കടുത്ത എതിര്‍പ്പുള്ളതിനാല്‍ വളരെ കരുതലോടെയുള്ള നീക്കമാണു നടക്കുന്നത്. മരുന്നു വിതരണത്തിന്റെ നിയന്ത്രണം സ്വകാര്യ കമ്പനി ഏറ്റെടുത്താല്‍ രോഗികളുടെ പൂര്‍ണ വിവരങ്ങള്‍ അവര്‍ക്കു ലഭിക്കും. ഇതു സ്വകാര്യ മരുന്നു കമ്പനികള്‍ക്കു സഹായകമാവുമെന്നും ആക്ഷേപമുണ്ട്. ഓരോ വര്‍ഷവും ആര്‍സിസിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്.  കേന്ദ്രസര്‍ക്കാരിന്റെ ദേശീയ അര്‍ബുദ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തുടങ്ങിയ ആറ് റീജ്യനല്‍ കാന്‍സര്‍ സെന്ററുകളില്‍ ഒന്നാണിത്. ആര്‍സിസിയില്‍ എത്തുന്ന രോഗികളില്‍ 90 ശതമാനവും നിര്‍ധനരാണ്. അര്‍ബുദ ചികില്‍സാ ചെലവു ഭീമമായതിനാല്‍ കേന്ദ്ര-സംസ്—ഥാന സര്‍ക്കാരുകളുടെ നിരവധി സഹായ പദ്ധതികളും ആര്‍സിസിയിലെത്തുന്ന രോഗികള്‍ക്കു ലഭിക്കുന്നുണ്ട്.

RELATED STORIES

Share it
Top