ആര്‍സിസിയിലെ രക്തബാങ്ക് പ്രവര്‍ത്തനത്തില്‍ കുഴപ്പമില്ല

കൊച്ചി: ആര്‍സിസിയിലെ രക്തബാങ്ക് പ്രവര്‍ത്തനത്തില്‍ കുഴപ്പമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധയുണ്ടായെന്ന് ആരോപിച്ച് മാതാവ് നല്‍കിയ ഹരജിയിലാണ് വിശദീകരണം നല്‍കിയത്.
രക്തബാങ്കുകളിലെ രക്തം സ്വീകരിക്കുമ്പോള്‍ എച്ച്‌ഐവി അടക്കമുള്ള രോഗബാധയ്ക്കുള്ള നേരിയ സാധ്യത നിലനില്‍ക്കുന്നു. രക്തം കയറ്റും മുമ്പ് എല്ലാ യൂനിറ്റുകളും പരിശോധിച്ച് കൃത്യത വരുത്തിയാലും എച്ച്‌ഐവി, എച്ച്ബിവി, എച്ച്‌സിവി (ഹെപറൈറ്റിസ് ബി, സി) രോഗബാധയുണ്ടാകാനുള്ള സാധ്യത ചെറിയ തോതില്‍ നിലനില്‍ക്കുന്നതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. കാന്‍സര്‍ രോഗത്തിനുള്ള ചികില്‍സയ്ക്കിടെ എയ്ഡ്‌സ് ബാധയുണ്ടായെന്ന ആരോപണത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സത്യവാങ്മൂലത്തി ല്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് രക്തവും കൈകാര്യം ചെയ്യുന്നത്. രക്തം ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഇതേ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. കേന്ദ്ര-സംസ്ഥാന ഡ്രഗ്‌സ് അതോറിറ്റികളുടെ ലൈസന്‍സോടെ മാത്രമേ രക്തബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ.
സാധാരണനിലയില്‍ രക്തം സ്വീകരിക്കുന്നതിലൂടെ രോഗബാധ ഉണ്ടാകാറില്ല. എന്നാല്‍, അടുത്തിടെ രോഗിയായ ഒരാളുടെ രക്തം സ്വീകരിക്കുമ്പോള്‍ രോഗം തിരിച്ചറിയാന്‍ കഴിയാത്തതാണ് രോഗബാധയ്ക്കുള്ള ചെറിയ സാധ്യതയ്ക്ക് കാരണം. അടുത്തിടെ രോഗബാധിതരായവരുടെ രക്തത്തില്‍ ആഴ്ചകളോളം രോഗമുണ്ടെന്നു വ്യക്തമാകുന്ന ലക്ഷണങ്ങളോ ഘടകങ്ങളോ ഉണ്ടാകില്ല. വിന്‍ഡോ പിരീഡ് എന്നറിയപ്പെടുന്ന ഈ കാലയളവിനിടെ രക്തപരിശോധനയിലൂടെയും രോഗമുണ്ടെന്ന് കണ്ടെത്താനാവില്ല. ഇത്തരക്കാരില്‍ നിന്ന് രക്തം സ്വീകരിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധയ്ക്കുള്ള സാധ്യത വിരളമായി നിലനില്‍ക്കുന്നുണ്ട്.
സ്വമേധയാ രക്തദാനം ശീലമാക്കിയ ആരോഗ്യമുള്ള രക്തദാതാക്കളെ രക്തദാനത്തിനായി റിക്രൂട്ട് ചെയ്തും അത്തരക്കാരുടെ പട്ടികയുണ്ടാക്കി അവരില്‍ നിന്നു മാത്രം രക്തം സ്വീകരിക്കുകയെന്ന സംവിധാനം ഒരുക്കിയും മാത്രമേ ഈ പ്രശ്‌നത്തെ ഏറ്റവും അനുയോജ്യമായ രീതിയില്‍ നേരിടാനാവൂ. രക്തപരിശോധനയ്ക്ക് നാറ്റ് (നൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്) സംവിധാനം ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും നിര്‍ബന്ധമാക്കിയിട്ടില്ല. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാലും അപകട സാധ്യത പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും സത്യവാങ്മൂലം പറയുന്നു.
രക്തവും അനുബന്ധ ഉല്‍പന്നങ്ങളും രോഗിക്ക് നല്‍കുമ്പോള്‍ രോഗം പടരാനുള്ള ചെറിയ സാധ്യതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ബന്ധപ്പെട്ടവരുടെ സമ്മതം വാങ്ങുകയും വേണം. ഹരജിക്കിടയാക്കിയ സംഭവം സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്ര എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയോട് അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. അവര്‍ ആര്‍സിസി രക്തബാങ്കില്‍ നടത്തിയ പരിശോധനയില്‍ പ്രവര്‍ത്തനം ക്രമപ്രകാരമാണെന്നാണ് കണ്ടെത്തിയതെന്നാണ് റിപോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മകളുടെ ചികില്‍സയ്ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും നിര്‍ദേശം നല്‍കണമെന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് മാതാവ് ഹരജി നല്‍കിയത്. എന്നാല്‍, ഹരജി പരിഗണനയിലിരിക്കെ ഏപ്രില്‍ 11ന് കുട്ടി മരണപ്പെട്ടു. എങ്കിലും കുട്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകളും രക്തസാംപിളുകളും ശരീരസ്രവങ്ങളും സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

RELATED STORIES

Share it
Top