ആര്‍സിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: അര്‍ബുദരോഗത്തിന് ചികില്‍സയിലായിരുന്ന ഡോക്ടറുടെ മരണത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപോര്‍ട്ട്. മരിച്ച ഡോ. മേരി റെജി ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ആ ര്‍സിസിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നതായും ആര്‍സിസി അഡീഷനല്‍ ഡയറക്ടര്‍ രാംദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കി ആരോഗ്യ സെക്രട്ടറിക്ക് കൈമാറിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ റിപോര്‍ട്ട് ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയനും കൈമാറിയിട്ടുണ്ട്. ആര്‍സിസിയിലെ ചികില്‍സാ പിഴവിനെക്കുറിച്ച് ഭര്‍ത്താവ് ഡോ. റെജിയുടെ പരാതി സമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആര്‍സിസിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന ഡോ. മേരി റെജി മാര്‍ച്ച് 18നാണു മരിച്ചത്.
ചികില്‍സാ കാലയളവില്‍ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് ഭര്‍ത്താവിന്റെ ആരോപണം. പ്ലീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതു മുതല്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് അലംഭാവമുണ്ടായി. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദഗ്ധ ചികില്‍സ ലഭ്യമാക്കിയില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡോ. റെജി പറഞ്ഞിരുന്നു. 2017ലായിരുന്നു മേരി റെഡിക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ബാധിച്ചത്.

RELATED STORIES

Share it
Top