ആര്‍ദ്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായികോട്ടയം: സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ സമഗ്ര നവീകരണത്തിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുളള ആര്‍ദ്രം മിഷന്‍ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയിലെ ദേശീയ ആരോഗ്യമിഷന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിച്ചു. കേരളം പാലിക്കുന്ന ആരോഗ്യ നിലവാരം ലോകത്തിനു തന്നെ മാതൃകയാണ്. എങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ആശുപത്രികളില്‍ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി ജില്ലയില്‍ ഓരോ ബ്ലോക്കില്‍ നിന്നും ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്ന കണക്കിന് 11 കേന്ദ്രങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി  ചെയര്‍പേഴ്‌സണ്‍ ഷീബ പുന്നന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എന്‍ പ്രിയ, ഡോ. രാജന്‍, ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. ഭാഗ്യശ്രീ സംസാരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തുക, രോഗികള്‍ക്ക് ഗുണമേന്മയുളള ചികില്‍സയും പരിചരണവും ഉറപ്പുവരുത്തുക, താലൂക്ക് ജില്ലാ ആശുപത്രികളില്‍ സ്‌പെഷ്യാലാറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍  ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതരത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാറ്റിയെടുക്കാനാണ് പദ്ധതികൊണ്ട് ഉദേശിക്കുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുക, മാതൃശിശു ആരോഗ്യ സംരക്ഷണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവിത ശൈലി രോഗങ്ങളുടെ പ്രതിരോധം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി ചേര്‍ന്ന് വേണ്ട നടപടി എടുക്കും. രോഗികളുടെ അസൗകര്യങ്ങള്‍ ലഘൂകരിക്കുന്നതിനായി ഒപി വിഭാഗം, കണ്‍സള്‍ട്ടേഷന്‍ മുറികള്‍, അത്യാഹിത വിഭാഗം, ഐപി വിഭാഗം, ലബോറട്ടറി  എന്നിവ നവീകരിക്കാനും പദ്ധതിക്ക് കീഴില്‍ നടപടിയുണ്ടാകും. കൂടാതെ ഓപ്പറേഷന്‍ തിയേറ്ററുകള്‍, പ്രസവ മുറി, ഫാര്‍മസി എന്നിവയും ആരോഗ്യരംഗത്തെ പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് പുനക്രമീകരിക്കും. ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് ഉള്‍പ്പടെയുളള സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് ഉള്‍പ്പടെയുളള സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ക്രമീകരിക്കാനാണ്  പദ്ധതി വിഭാവനം ചെയ്യുന്നത്.

RELATED STORIES

Share it
Top