ആര്‍ഡി ഓഫിസിലെ വനിതാ ജീവനക്കാര്‍ മാതൃകയാവുന്നു

തിരുവനന്തപുരം: അവിചാരിതമായുണ്ടാവുന്ന ഏത് ആപത്ഘട്ടങ്ങളെയും അക്രമങ്ങളെയും സമചിത്തതയോടെയും ധൈര്യത്തോടെയും നേരിടുന്നതിന് കേരള പോലിസിന്റെ സ്വയം പ്രതിരോധ പരിശീലന കഌസ് വിജയകരമായി പൂര്‍ത്തിയാക്കി കലക്ടറേറ്റിലെ ആര്‍ഡി ഓഫിസ് വനിതാ ജീവനക്കാര്‍ മാതൃകയാവുന്നു.  സംസ്ഥാനത്ത് ആദ്യമായാണ് വനിതാ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 20 മണിക്കൂര്‍ പരിശീലനത്തിന് മുന്‍കൈയെടുത്തത് ആര്‍ഡി ഓഫിസിലെ കമ്മിറ്റിയുടെ അധ്യക്ഷ കൂടിയായ സബ്കലക്ടര്‍ ദിവ്യ എസ് അയ്യരാണ്.  പരിശീലനത്തിലൂടെ ജീവനക്കാരുടെ ആത്മവിശ്വാസം പതിന്മടങ്ങ് ഉയര്‍ന്നതായി സബ്കലക്ടര്‍ അഭിപ്രായപ്പെട്ടു. ഉച്ചത്തില്‍ പ്രതികരിക്കാനും അക്രമിയുടെ കണ്ണ്, മൂക്ക്, ചെവി, ജനനേന്ദ്രിയം തുടങ്ങി ശരീരത്തിലെ മര്‍മഭാഗങ്ങളില്‍ എങ്ങനെ ക്ഷതമേല്‍പ്പിച്ച് കായിക ശക്തി കുറഞ്ഞ ഒരാള്‍ക്ക്    രക്ഷപ്പെടാമെന്നതും ചെറിയ ചെറിയ പ്രതിരോധങ്ങളിലെ സ്വയംരക്ഷ ഉറപ്പു വരുത്താമെന്നതുമായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.  ജോലിക്ക് ഭംഗം വരാത്ത തരത്തില്‍ ഉച്ചഭക്ഷണ സമയത്താണ് പരിശീലനത്തിനുള്ള സമയം കണ്ടെത്തിയതെന്നും  അവര്‍ പറഞ്ഞു. കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു  സബ്കലക്ടര്‍.സമാപന ചടങ്ങില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറിയും ഗാനരചയിതാവുമായ എം ആര്‍ ജയഗീത മുഖ്യപ്രഭാഷണം നടത്തി.

RELATED STORIES

Share it
Top