ആര്‍ടി ഓഫിസില്‍ പ്രതിഷേധവുമായി ഓട്ടോ കണ്‍സള്‍ട്ടന്റുമാര്‍

കാക്കനാട്: എറണാകുളം ആര്‍ടി ഓഫീസില്‍ ഫീസ് നേരിട്ട് സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഓട്ടോ കണ്‍സള്‍ട്ടന്റുമാര്‍. വാഹനങ്ങളുടെ ടാക്‌സ് സ്വീകരിക്കുന്ന സമയത്ത് ഇ പേയ്മന്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഉടമ നേരിട്ട് വരാതെ സ്വീകരിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.വാഹന ഉടമകള്‍ തങ്ങളെ ചുമതലപ്പെടുത്തിയാലും ഫീസ് നേരിട്ട് സ്വീകരിക്കുന്നില്ല. അനുമതി പത്രം വാങ്ങി ഓട്ടോ കണ്‍സള്‍ട്ടന്റുമാര്‍ക്ക് ആര്‍ടി ഓഫിസില്‍ അപേക്ഷകള്‍ കൊടുക്കുവാനും ഫീസ് അടയ്ക്കാനും ഹൈക്കോടതി ഉത്തരവ് പ്രകാരം തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഓട്ടോ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുത്തുവാന്‍ വേണ്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ തുടര്‍ന്നാണ് പുതിയ നിര്‍ദേശമെന്ന് ഓട്ടോ കണ്‍സള്‍ട്ടന്റുമാര്‍ പരാതിപ്പെട്ടു. സര്‍ക്കാരിന് കോടികള്‍ ടാക്‌സ് ഇനത്തില്‍ ലഭിക്കാന്‍ അവസരമൊരുക്കേണ്ട സമയത്ത് പുതിയ നിര്‍ദേശം സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കും. അധികൃതരുടെ ഇത്തരം നടപടികള്‍ ഒഴിവാക്കണമെന്നും ഓട്ടോ കണ്‍സള്‍ട്ടന്റുമാര്‍ക്ക് തൊഴില്‍ സംരക്ഷിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ടും ഈ മാസം 19ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തുമെന്നു ഓട്ടോ കണ്‍സള്‍ട്ടന്‍സി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി ഇ കെ ജയപ്രസാദ് അറിയിച്ചു.

RELATED STORIES

Share it
Top