ആര്‍ടിഒ യുടെ നേതൃത്വത്തില്‍ സംയുക്ത വാഹന പരിശോധന

വടകര: പുതുവര്‍ഷം പിറന്നിട്ട് 2 മാസം മാസം മാത്രം പിന്നിടുമ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ വാഹന അപകട നിരക്ക് കൂടിയതിന്റെ സാഹചര്യത്തി ല്‍ വടകര ആര്‍ടിഒ യുടെ നേതൃത്വത്തില്‍ ഇന്നലെ താലൂക്കിലെ എല്ലാ റോഡുകളിലും സംയുക്ത വാഹന പരിശോധന നടത്തി. വടകര ആര്‍ടിഒ ആയി പുതുതായി ചാര്‍ജ്ജ് എടുത്ത വി വി മധുസൂധനന്റെ നേതൃത്വത്തില്‍ 4 സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
കൊയിലാണ്ടി സബ് ആര്‍ടി ഓഫിസ്, വടകര ആര്‍ടി ഓഫിസ് എന്നിവിടങ്ങളിലെ 15 ഓളം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. ദേശീയ പാതയില്‍ മൂരാട് മുതല്‍ മാഹി വരെയും, കുറ്റിയാടി-തൊട്ടില്‍പാലം, തിരുവള്ളൂര്‍-ചാനിയംകടവ്, വടകര-നാദാപുരം എന്നീ റോഡുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചവര്‍, ട്രിപ്പിള്‍ റൈഡിംഗ് നടത്തിയവര്‍, വാഹനം നിര്‍ത്താതെ അപടകകരമായി ഓടിച്ചു പോയവര്‍, എന്നിവരടക്കമുള്ള 29 പേരുടെ ലൈസന്‍സുകള്‍ അയോഗ്യത കല്‍പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വാഹനങ്ങളില്‍ അനധികൃതമായി ഘടിപ്പിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍, ബുള്‍ ബാറുകള്‍, അതിഭയങ്കര ശബ്ദം ഉണ്ടാക്കുന്ന സൈലന്‍സറുകള്‍, ഓട്ടോറിക്ഷകളുടെ രണ്ട് വശങ്ങളിലായി ഘടിപ്പിക്കുന്ന വലിയ സ്റ്റീല്‍ പൈപ്പുകള്‍ എന്നിവയ്‌ക്കെതിരെ 20 ഓളം കേസ് എടുത്തു. ഹെവി വാഹനങ്ങളിലെ എയര്‍ ഹോണ്‍, ബസുകളിലെ മ്യൂസിക് സിസ്റ്റം, ടിപ്പര്‍ ലോറികളിലെ ഓവര്‍ ലോഡ് എന്നിവയ്‌ക്കെതിരെയുമാണ് പരിശോധനയില്‍ കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദേശാനുസരണമുള്ള ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ഇത്തരം പരിശോധനകള്‍ കര്‍ശനമായി വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് വടകര ആര്‍ടിഒ അറിയിച്ചു.
ഇന്നലത്തെ സംയുക്ത വാഹന പരിശോധനയില്‍ 338 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും പിഴ ഇനത്തില്‍ ഒന്നരലക്ഷം രൂപ പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ റോഡുകളില്‍ വാഹന പരിശോധന കുറവാണെന്നുള്ള പൊതുധാരണയില്‍ അവിടങ്ങളില്‍ നിയമ ലംഘനങ്ങള്‍ കൂടുതലാണെന്നും വരും ദിവസങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലടക്കം കര്‍ശന പരിശോധന ഉണ്ടാവും എന്നും ആര്‍ടിഒ വ്യക്തമാക്കി.

RELATED STORIES

Share it
Top