ആര്‍ജെഡി നേതാക്കള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്‌

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ വിമര്‍ശിച്ച മുതിര്‍ന്ന ആര്‍ജെഡി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രത്യേക സിബിഐ കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചു. ആര്‍ജെഡി നേതാക്കളായ രഘുവംശ് പ്രസാദ് സിങ്, ശിവാനന്ദ് തിവാരി, ലാലുവിന്റെ മകന്‍ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് മനിഷ് തിവാരി എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. ഈ മാസം 23ന് ഇവര്‍ കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ടെലിവിഷനിലൂടെയാണ് ഇവര്‍ കോടതി ഉത്തരവിനെ വിമര്‍ശിച്ചത്. സിബിഐ ജഡ്ജി ശിവപാല്‍ സിങാണ് നോട്ടീസയച്ചത്. തേജസ്വി യാദവ് ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. അതേസമയം, കേസില്‍ ലാലുവിനും മറ്റു 15 പേര്‍ക്കുമുള്ള ശിക്ഷ ഇന്നു വിധിച്ചേക്കുമെന്നു സിബിഐ അഭിഭാഷകന്‍ പറഞ്ഞു. രണ്ട് അഭിഭാഷകരുടെ മരണത്തെ തുടര്‍ന്ന് അനുശോചന യോഗം നടക്കുന്നതിനാല്‍ കേസ് ഇന്നലെ പരിഗണനയ്‌ക്കെടുത്തില്ല. കോടതിയില്‍ കൊണ്ടുവന്ന ലാലു അടക്കമുള്ള പ്രതികളെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി. ഡിസംബര്‍ 23നാണ് കോടതി ലാലുവും മറ്റും കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയടക്കം ആറുപേരെ കോടതി വിട്ടയച്ചിരുന്നു. 1991നും 94നുമിടയില്‍ ദന്‍ഘര്‍ ട്രഷറിയില്‍നിന്ന് 89.27 ലക്ഷം രൂപ വ്യാജരേഖ ചമച്ച് പിന്‍വലിച്ചെന്നാണ് കേസ്.

RELATED STORIES

Share it
Top