ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് അയവില്ല

ചിറ്റൂര്‍: മേനോന്‍പാറ മേഖലയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് അയവില്ല. കൂരാങ്കാടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടേറ്റു. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേനോന്‍പാറയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രശാന്തിനെ( 23) ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേനോന്‍ പാറയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ശേഷം മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മേനോന്‍പാറ സംഘര്‍ഷത്തിനു ശേഷം തൊട്ടടുത്ത പ്രദേശങ്ങളായ അത്തിക്കോട്, സൂര്യപാറ, കരുകപ്പാറ, കൊഴിഞ്ഞാമ്പാറ മേഖലയിലേക്കും സംഘര്‍ഷം വ്യാപിച്ചിരിക്കുകയാണ്. സൂര്യപറയിലും കരുകപ്പാറയിലും ഇരു വിഭാഗവും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷവും തുടര്‍ന്ന് കൊഴിഞ്ഞാംപാറയിലുള്ള സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ പെട്രോള്‍ ബോബേറും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ കരുകപ്പാറയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായസംഘര്‍ഷത്തില്‍പോലിസുകാര്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷ മേഖലകളില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിന് യാതൊരു കുറവുമില്ല.

RELATED STORIES

Share it
Top