ആര്‍എസ്എസ് വിളയാട്ടം പോലിസിന്റെ തണലില്‍ പുതുച്ചേരി പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടിയേരി

തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തില്‍ പുതുച്ചേരി പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പുതുച്ചേരി പോലിസിന്റെ തണലിലാണ് ആര്‍എസ്എസുകാരുടെ വിളയാട്ടമെന്ന് ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാബുവിന് കുറച്ചുനാളായി ഭീഷണിയുണ്ടായിരുന്നു. എന്നിട്ടും ആവശ്യമായ സുരക്ഷ നല്‍കാന്‍ പുതുച്ചേരി പോലിസ് തയ്യാറായില്ല. കൊല നടന്ന് ഇത്ര ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. കൊലയാളികള്‍ ഇപ്പോഴും മാഹിയില്‍ തന്നെയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. പോലിസിന്റെ കടുത്ത അനാസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്.
ഇക്കാര്യത്തില്‍ പുതുച്ചേരി മുഖ്യമന്ത്രി കര്‍ശന നടപടിയെടുക്കണം. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. നിലവില്‍ കേസന്വേഷിക്കുന്നവരെ സ്ഥലംമാറ്റുകയും വേണം. ആര്‍എസ്എസ് ആസൂത്രിതമായി നടപ്പാക്കിയതാണ് ബാബുവിന്റെ കൊലപാതകം. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്നു പ്രചരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ഇത്തരം അരുംകൊലകള്‍ നടത്തുന്നത്.
കുറച്ചുനാള്‍ മുമ്പ് കൂത്തുപറമ്പില്‍ ആര്‍എസ്എസ് ശിബിരം നടന്നിരുന്നു. എങ്ങനെ മനുഷ്യനെ കൊല്ലാമെന്നാണ് അവിടെ പരിശീലനം നല്‍കിയത്. വളരെ പൈശാചികവും ക്രൂരവുമായാണ് ബാബുവിനെ കൊലപ്പെടുത്തിയത്. തല വെട്ടിയെടുക്കാന്‍ ശ്രമമുണ്ടായി. ഇത്തരം കൊലപാതകങ്ങള്‍ അധികമുണ്ടായിട്ടില്ല.
സമാധാന ചര്‍ച്ചകളിലെ ധാരണകള്‍ തെറ്റിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണ്. ആക്രമണത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാനും, ജനവികാരത്തെ എതിരായി തിരിച്ചുവിടാനുമാണ് രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എ എന്‍ ഷംസീര്‍ എംഎല്‍എ, എം സുരേന്ദ്രന്‍, എം സി പവിത്രന്‍ എന്നിവര്‍  കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top