ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദനം, എസ്ഡിപിഐക്കെതിരേയുള്ള പ്രചാരണം അവസാനിപ്പിക്കണം

എടപ്പാള്‍: പൊന്നാനിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സിജിത് അക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ തവനൂര്‍ മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സിജിതിനുനേരെ നടന്ന അക്രമത്തില്‍ എസ്ഡിപിഐക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നാട്ടില്‍ മനപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടി പ്രവര്‍ത്തകനായ ഹാരിസിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. മുമ്പ് രണ്ടുതവണ വധശ്രമത്തിന് വിധേയമായെന്ന് പറയപ്പെടുന്ന സിജിതിന് ഒരിക്കല്‍പോലും ഗുരുതരമായ യാതൊരു പരിക്കും ഏല്‍ക്കാതിരുന്നതും നിസ്സാരമായി പരിക്കേറ്റ ഇപ്പോഴുണ്ടായ അക്രമം സംബന്ധിച്ച് സിജിതിന്റെ മൊഴിയും ദുരൂഹത ഉയര്‍ത്തുന്നതാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. എസ്ഡിപിഐ പ്രവര്‍ത്തകനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ അടിയന്തര നടപടി കൈകൊള്ളണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ തവനൂര്‍ മണ്ഡലം പ്രസിഡന്റ് മരക്കാര്‍ മാങ്ങാട്ടൂര്‍, സെക്രട്ടറി റഹീസ് പുറത്തൂര്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് മുഫീദ് റഹ്്മാന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top