ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍കണ്ണൂര്‍:കണ്ണൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട് ബിജുവിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ രാമന്തളി കുന്നത്തെരുവിലെ ടിപി അനൂപ് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇതോടെ ഏഴ് പേരുള്‍പ്പെട്ട കേസില്‍ അഞ്ച് പേര്‍ പിടിയിലായി.
കൊലപാതകത്തില്‍ പങ്കാളികളായ രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍, കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍, രാമന്തളി സ്വദേശി റിനേഷ്, ജ്യോതിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലുള്‍പ്പെട്ട പ്രതീഷ് എന്നയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞതായി നേരത്തെ സൂചനയുണ്ടായിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഈ മാസം 12നാണ് ബിജു കൊല്ലപ്പെടുന്നത്. ഇന്നോവ കാറിലെത്തിയ ഏഴംഗം സംഘം ബിജുവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം ബിജുവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ബിജുവിന്റെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്കെത്തിയത്.

RELATED STORIES

Share it
Top