ആര്‍എസ്എസ് പങ്കെടുത്തതിന് രേഖയില്ല: ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: സംഘപവരിവാരം പലപ്പോഴും അവകാശപ്പെട്ടിട്ടുള്ളതു പോലെ 1963ലെ റിപബ്ലിക് ദിന പരേഡില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) വോളന്റിയര്‍മാര്‍ പങ്കെടുത്തിട്ടുണ്ടോ? ആര്‍എസ്എസിന്റെ പൂര്‍വകാലത്തെക്കുറിച്ചും പ്രവര്‍ത്തന രീതികളെക്കുറിച്ചുമൊക്കെ കോണ്‍ഗ്രസ് ചോദ്യമുയര്‍ത്തുമ്പോഴെല്ലാം ഈ ചര്‍ച്ച ഉയര്‍ന്നു വരാറുണ്ട്.
ആര്‍എസ്എസിന്റെ വിഭാഗീയ രാഷ്ട്രീയത്തെക്കുറിച്ചും ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചും കോണ്‍ഗ്രസ് വിമര്‍ശനമുന്നയിക്കുമ്പോള്‍ ആര്‍എസ്എസ് പ്രതിരോധിക്കാറുള്ളത് 1963ലെ റിപബ്ലിക് ദിന പരേഡിന്റെ കഥ പറഞ്ഞായിരുന്നു.
1963ലെ പരേഡിലേക്ക് തങ്ങളെ ക്ഷണിച്ചത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്്‌റുവാണെന്നാണ് ആര്‍എസ്എസ് അവകാശപ്പെടാറുള്ളത്. 1962ലെ ചൈനയുമായുള്ള യുദ്ധത്തില്‍ സംഘപരിവാര വോളന്റിയര്‍മാരുടെ സേവനത്തില്‍ മതിപ്പു തോന്നിയാണ് നെഹ്്‌റു ആര്‍എസ്എസുകാരെ പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതത്രെ.
കോണ്‍ഗ്രസ്സുകാരനായ നെഹ്്‌റുവിന് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ബോധ്യപ്പെട്ടിരുന്നു എന്നു പറഞ്ഞാണ് രാഹു ല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങളെ ആര്‍എസ്എസ് പ്രതിരോധിച്ചിരുന്നത്. ആര്‍എസ്എസിന്റെ ദേശീയ വക്താവായ മന്‍മോഹന്‍ വൈദ്യയും ഈയിടെ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അന്നത്തെ പത്രങ്ങളില്‍ അക്കാര്യം വാര്‍ത്തയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
യഥാര്‍ഥത്തില്‍ ആര്‍എസ്എസ് വോളന്റിയര്‍മാര്‍ 1963ലെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിരുന്നോ? അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സംഘപരിവാരത്തിന്റെ സേവനത്തില്‍ ആകൃഷ്ടനായിരുന്നോ?
ഈ ചോദ്യത്തിന് ഉത്തരം തേടി ഇന്ത്യ ടുഡേയാണ് പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചത്. റിപബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും നേരത്തെ നടന്ന പരിപാടികളുടെ ആര്‍ക്കൈവുകള്‍ സൂക്ഷിക്കുന്നതും പ്രതിരോധ മന്ത്രാലയമാണ്. വിവരാവകാശ നിയമ പ്രകാരം മൂന്ന് ചോദ്യങ്ങളാണ് ഇന്ത്യ ടുഡേ ഉന്നയിച്ചത്.
1. 1962ലെ ചൈനയുമായുള്ള യുദ്ധത്തില്‍ അതിര്‍ത്തിയില്‍ ആര്‍എസ്എസ് വോളന്റിയര്‍മാര്‍ ഉണ്ടായിരുന്നോ?
2.ആര്‍എസ്എസിനെ 1963 ലെ റിപബ്ലിക് ദിന പരേഡിലേക്ക് ക്ഷണിച്ചിരുന്നോ?
3. ആരാണ് ആര്‍എസ്എസിനെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്?
ക്ഷണക്കത്തിന്റെ ഒരു കോപ്പി നല്‍കാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, 1963ലെ റിപബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.

RELATED STORIES

Share it
Top