ആര്‍എസ്എസ്-ദേശവിരുദ്ധര്‍ക്കെതിരേ ഭരണഘടനാ സംരക്ഷണ സംഗമം

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം നിയമാനുസൃതമാക്കിയ സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തെരുവിലിറക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി-ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര ശക്തികളെന്ന് എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.
ശബരിമലയില്‍ ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്മാരുടെ മതവും ജാതിയും തിരിച്ച് ആക്ഷേപിക്കുന്ന അപകടകരമായ നീക്കമാണ് ബിജെപി അധ്യക്ഷനില്‍ നിന്നു കഴിഞ്ഞ ദിവസമുണ്ടായത്. നിലക്കല്‍ സമരക്കാരെ നേരിട്ടത് ക്രിസ്ത്യാനികളായ പോലിസുകാരാണെന്നും വിശ്വാസികളായ പോലിസുകാര്‍ ഉണരണമെന്നും ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്യുന്നു. പോലിസ് സേനയെ വര്‍ഗീയമായി വിഭജിച്ച് കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ് ബിജെപി. ഈ മാസം ആദ്യം പത്തനംതിട്ടയിലെ കുമ്പഴയില്‍ സംഘടിപ്പിച്ച സമരത്തില്‍ ഭരണഘടന കത്തിക്കാനും സംഘപരിവാര നേതാവ് ആഹ്വാനം ചെയ്തിരുന്നു.
ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ മനുഷ്യരാശി ആര്‍ജിച്ചെടുത്ത മുഴുവന്‍ മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തുന്നതാണ് ലോകോത്തരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണഘടന. ഏകശിലാ രൂപിയായ മനുവാദ സംസ്‌കാരം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഫാഷിസ്റ്റുകള്‍ക്ക് തടസ്സം ഭരണഘടനയാണ്. ഭരണഘടനയ്‌ക്കെതിരായ സംഘപരിവാരത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം ഭരണഘടനാ രൂപീകരണഘട്ടം മുതല്‍ ആരംഭിച്ചതാണ്. ജനങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളെ ചൂഷണം ചെയ്തുകൊണ്ടല്ലാതെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുക സാധ്യമല്ലെന്നു പരിവാര്‍ ശക്തികള്‍ക്ക് നന്നായറിയാം. രാമജന്മഭൂമി, പശു രാഷ്ട്രീയം തുടങ്ങിയവ ഉപയോഗിച്ചാണ് ഉത്തരേന്ത്യയില്‍ അവര്‍ സ്വാധീനം നേടിയതും അധികാരത്തിലേറിയതും. രാജ്യത്തിന്റെ അഖണ്ഡതയിലും ബഹുസ്വരതയിലും നിലനില്‍പ്പിലും താല്‍പര്യമുള്ള പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞ് ഐക്യപ്പെട്ട് ഇവര്‍ക്കെതിരേ പ്രതിരോധം തീര്‍ക്കണം.
ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനുമായി എസ്ഡിപിഐ സംസ്ഥാനവ്യാപകമായി ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി 26ന് കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകീട്ട് 4.30ന് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന റാലി നഗരം ചുറ്റി മുതലക്കുളത്ത് സമാപിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റംഗം പ്രഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയി അറക്കല്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top